വേനലിൽ പൊള്ളി പാലക്കാട്; ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റു

പൊള്ളലേറ്റ ജയന്‍
പാലക്കാട്: വേനൽ കടുക്കുന്ന പാലക്കാട് ജില്ലയിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് സൂര്യാതപമേറ്റു. കുപ്പിയോട് സ്വദേശി ജയനാണ് (48) ജോലിസ്ഥലത്ത് വെച്ച് പൊള്ളലേറ്റത്. കൂട്ടുപാതയിൽ നിന്ന് ഒലവക്കോട്ടേക്ക് സവാരി പോയി മടങ്ങുന്നതിനിടെയാണ് സംഭവം. നെഞ്ചിന്റെ വലതുവശത്ത് മൂന്നിടങ്ങളിലായാണ് പൊള്ളലേറ്റത്.
അസഹനീയമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ജയൻ ഉടൻതന്നെ മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.
കണ്ണൂർ കാട്ടാച്ചിറയിൽ ഓട്ടോ ഡ്രൈവറായ രജീഷിനും സമാനമായ രീതിയിൽ സൂര്യതപമേറ്റിരുന്നു. കൈത്തണ്ടയിൽ പൊള്ളലേറ്റ് തൊലി അടർന്ന നിലയിലായിരുന്നു രജീഷ് ആശുപത്രിയിൽ എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
ശ്രദ്ധിക്കേണ്ടവ:
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.
നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക.
തൊഴിൽ സമയക്രമീകരണത്തിൽ സർക്കാർ നിർദ്ദേശിച്ച മാറ്റങ്ങൾ കർശനമായി പാലിക്കുക.
സംസ്ഥാനത്ത് പലയിടങ്ങളിലും ചൂട് മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.










0 comments