പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് നെൽവിത്തുകളുടെ കാവലാള്

ചെറുവയൽ രാമൻ
കോഴിക്കോട്: പത്മശ്രീ ജേതാവും പാരമ്പര്യ നെൽവിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ. 1952 ജൂൺ 6നാണ് ജനനം. രണ്ടാംവയസ്സുമുതൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊത്ത് വളർന്നു. ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. കമ്മന നവോദയ എൽ പി സ്കൂളിൽ അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠിച്ചു. പത്താം വയസ്സുമുതൽ കാർഷിക ജീവിതം ആരംഭിച്ചു. 1969ൽ എംപ്ലോയ്മെന്റ് എക്ചേഞ്ച് മുഖേന കണ്ണൂർ ഡിഎംഒ ഓഫീസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവച്ചു.
ബത്തേരി മൂലങ്കാവ് ഗവ. ഹയര് സെക്കൻഡറി സ്കൂൾ വിദ്യാര്ഥികൾ ചെറുവയല് രാമന്റെ കൃഷിയിടത്തില് എത്തിയപ്പോൾ (ഫയൽ)
പാരമ്പര്യമായി ലഭിച്ച 5 ഏക്കര് വയലില് 45 ഇനം നെല്വിത്തുകളാണ് കൃഷി ചെയ്ത് സംരക്ഷിക്കുന്നത്. നെല്വിത്തുകള് കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും ഇദ്ദേഹം സംരക്ഷിച്ചു.
2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്.
ഈ മേഖലയിലെ സംഭാവനയ്ക്ക് 2023 റിപ്പബ്ളിക്ക് ദിനത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2025ൽ സംസ്ഥാന സർക്കാർ കാർഷിക സർവകലാശാലയുടെ പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി ചെറുവയൽ രാമന് നൽകി. 2026ൽ കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരത്തിനും അര്ഹനായി.
കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിൽ അംഗമായും ചെറുവയൽ രാമൻ പ്രവർത്തിച്ചിട്ടുണ്ട്. മണ്ണിന്റെ ചൂരും ചൂടും കൃഷിയറിവും വിദ്യാർഥികൾക്ക് പകരുന്നതിന് രാമന്റെ ആത്മകഥയിലെ 'വിത്തെന്ന മഹാത്ഭുതം' എന്ന ഭാഗം ഏഴാം തരം മലയാളം പുസ്തകത്തിൽ പാഠമായി ചേർത്തിരുന്നു. നിരവധി വിദ്യാർഥികളും ഗവേഷകരും കർഷകരും നിത്യേന ഇദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നുണ്ട്.
ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്. മരുമക്കൾ: തങ്കമണി, രജിത, രാജൻ, ഉണ്ണികൃഷ്ണൻ.









0 comments