print edition നെല്ല് സംഭരണം അട്ടിമറിച്ചു; 35 രൂപ വാഗ്‌ദാനവും തട്ടിപ്പ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകരെ കടക്കെണിയിലാക്കി വീണ്ടും യുഡിഎഫ് വഞ്ചന. നെല്ലിന് കിലോഗ്രാമിന് 35 രൂപ സംഭരണവില ഉറപ്പാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യുഡിഎഫ് വാഗ്ദാനം. എന്നാൽ, സംഭരണവില പ്രഖ്യാപിക്കാതെയും സംഭരണ നടപടി അനിശ്ചിതമായി നീട്ടിയും സംസ്ഥാന സർക്കാർ കർഷകരെ ദ്രോഹിക്കുകയാണ്. അധികാരത്തിലേറിയശേഷം നിലവിലുള്ള തുകപോലും നൽകിയിട്ടില്ല.
സർക്കാരിന്റെ ഇരട്ടത്താപ്പും മില്ലുടമകളുമായുള്ള ഒത്തുകളിയുമാണ് നെല്ല് സംഭരണം അട്ടിമറിച്ചത്. 2026–27 സംഭരണ സീസണിലെ സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സെപ്‌തംബർ 14-ന് എറണാകുളം ഗസ്റ്റ് ഹൗസിൽ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ മില്ലുടമകളുമായി ചർച്ച നടത്തിയിരുന്നു. മില്ലുടമകളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്നും സെപ്‌തംബർ അവസാനത്തോടെ ഔട്ട് ടേൺ റേഷ്യോ അനുപാത വ്യത്യാസമായ 63 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
ഇതിനുപിന്നാലെ മില്ലുടമകളുമായി സംഭരണത്തിന് ധാരണയായെന്ന് വാർത്താക്കുറിപ്പും ഇറക്കി. ഒക്‌ടോബർ ആയിട്ടും വാഗ്‌ദാനം ചെയ്ത തുക സർക്കാർ നൽകിയില്ല. ഇതോടെ സംഭരണത്തിൽനിന്ന് പിൻമാറുകയാണെന്ന നിലപാടിലാണ് മില്ലുടമകൾ. സർക്കാർ വീഴ-്‌ച കാരണം വിവിധയിടങ്ങളിൽ കൊയ്‌ത നെല്ല് സൂക്ഷിക്കാൻ ഇടമില്ലാതെ കർഷകർ നെട്ടോട്ടത്തിലാണ്.
മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നെല്ല് സംഭരണവില 30 രൂപയായി ഉയർത്തിയിരുന്നു. കേന്ദ്രത്തിന്റെ താങ്ങുവിലയിൽ 72 പൈസയുടെ വർധന ഉണ്ടായതോടെ ഇത്തവണ ഉയർന്ന സംഭരണവില പ്രഖ്യാപിച്ച് നെല്ല് സർക്കാർ സംഭരിക്കുമെന്നാണ് കർഷകർ പ്രതീക്ഷിച്ചിരുന്നത്. സർക്കാർ തീരുമാനം വൈകുന്നതോടെ, സാഹചര്യം മുതലെടുത്ത് തുച്ഛമായ വിലയ്‌ക്ക് നെല്ല് സംഭരിക്കാൻ സ്വകാര്യ മില്ലുടമകൾ കർഷകരെ സമീപിക്കുന്നുണ്ട്. സർക്കാർ വില പ്രഖ്യാപിച്ചാൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയായി സംഭരണം പിന്നെയും കാലതാമസമുണ്ടാകും.









0 comments