print edition ലോക സാമ്പത്തിക ഫോറം : പ്രതിനിധിസംഘത്തെ പി രാജീവ് നയിക്കും

തിരുവനന്തപുരം
സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ 19 മുതല്‍ 23വരെ നടക്കുന്ന ലോക സാമ്പത്തികഫോറത്തിൽ (ഡബ്ല്യുഇഎഫ്) കേരളത്തിനുവേണ്ടി വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഉന്നതതല സംഘം പങ്കെടുക്കും. വ്യവസായ സംരംഭങ്ങളിലെ ആഗോള നിക്ഷേപവും സഹകരണവും തേടാനും സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷം ആഗോളതലത്തില്‍ പരിചയപ്പെടുത്താനും ഫോറം പ്രയോജനപ്പെടുത്തും.
മന്ത്രിയെക്കൂടാതെ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി വിഷ്ണുരാജ് എന്നിവരാണ് സംഘത്തിലുള്ളത്. കേരളത്തിന്റെ വ്യാവസായിക രംഗത്തെ മുന്നേറ്റങ്ങള്‍ ദാവോസില്‍ പ്രദര്‍ശിപ്പിക്കും. ‘ഉത്തരവാദിത്തമുള്ള നിക്ഷേപം, ഉത്തരവാദിത്തമുള്ള വ്യവസായം' എന്ന ബ്രാന്‍ഡ് ഇമേജ് ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഡബ്ല്യുഇഎഫിലെ പങ്കാളിത്തത്തെതുടര്‍ന്നാണ് ഭാരത് ബയോടെക്കിന്റെ നിക്ഷേപം കേരളത്തിലേക്ക് വന്നത്. ഐകെജിഎസ് വഴി സംസ്ഥാനത്തേക്ക് വലിയ തോതില്‍ നിക്ഷേപം ആകര്‍ഷിക്കാനുമായി. ‘നാഷണല്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് 2024' ല്‍ മികച്ച നേട്ടം കൈവരിച്ച കേരളത്തിന് ദാവോസിലെ ഇന്ത്യ പവലിയനില്‍ പ്രത്യേക ഇടം നല്‍കിയിട്ടുണ്ട്.
ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ 449 കമ്പനികളില്‍നിന്ന് 1.80 ലക്ഷം കോടി രൂപയുടെ താല്‍പ്പര്യപത്രങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചു. ഡൈനിമേറ്റഡ് (ഇറ്റലി), അദാനി ലോജിസ്റ്റിക്സ് തുടങ്ങിയവരുടേതുള്‍പ്പെടെ നൂറിലധികം പദ്ധതികളില്‍ ഇതിനകം നിര്‍മാണം ആരംഭിച്ചു.










0 comments