കള്ളവാർത്ത പൊളിഞ്ഞു
print edition ഇതാണ് ആ ശ്രീമതി


സി എ പ്രേമചന്ദ്രൻ
Published on Jul 24, 2026, 12:00 AM | 1 min read
തൃശൂർ: സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഒരു എംഎൽഎയുടെ ഭാര്യയുടെ പേരിലുള്ള കുടുംബ പെൻഷൻ വാങ്ങിയെന്ന പ്രചാരണം പച്ചക്കള്ളം. 1960ൽ കുന്നംകുളം എംഎൽഎയായിരുന്ന പി ആർ കൃഷ്‌ണന്റെ ഭാര്യ പി കെ ശ്രീമതിയാണ് ഭർത്താവിന്റെ മരണശേഷം കുടുംബ പെൻഷൻ കൈപ്പറ്റിയിരുന്നത്. എന്നാൽ, ഇത് മറച്ചുവച്ചാണ് വ്യാജപ്രചാരണം നടത്തിയത്.
പൂച്ചട്ടി എകെഎം എച്ച്‌എസ് സ്‌കൂളിൽ അധ്യാപികയായിരുന്നു പി ആർ കൃഷ്‌ണന്റെ ഭാര്യയായ പി കെ ശ്രീമതി. ഇവർ ശ്രീമതി ടീച്ചർ എന്നാണ് അറിയപ്പെട്ടിരുന്നത്.
സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന പി ആർ കൃഷ്‌ണൻ സംസ്ഥാന രൂപീകരണത്തിനുമുന്പ് തിരു–കൊച്ചിയിലെ ഒല്ലൂർ മണ്ഡലത്തിലെയും സംസ്ഥാന രൂപീകരണശേഷം 1960-ൽ കുന്നംകുളം മണ്ഡലത്തിലെയും എംഎൽഎ ആയിരുന്നു. 1993 ജൂലൈ ഏഴിനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ എംഎൽഎ പെൻഷനാണ് ഭാര്യ പി കെ ശ്രീമതിക്ക് ലഭിച്ചത്.
ഇവർ 2020 ഫെബ്രുവരി 24ന് മരിക്കുംവരെ പെൻഷൻ വാങ്ങിയിരുന്നതായി മകൻ ബാബു പറഞ്ഞു. മരണവിവരം സർക്കാരിലേക്കും ട്രഷറിയിലും അറിയിച്ചു. മരണ സർട്ടിഫിക്കറ്റും ഹാജരാക്കി. പിന്നീട് പെൻഷൻ വന്നിട്ടില്ല. ‘‘അച്ഛൻ മരിച്ചിട്ട് 33 വർഷമായി. നാടിനുവേണ്ടിയാണ് ജീവിച്ചത്. അദ്ദേഹത്തിന്റെ പേര് വിവാദങ്ങളിലേയ്‌ക്ക് വലിച്ചിഴയ്‌ക്കുന്നതിൽ പ്രയാസമുണ്ട്’’–മകൻ അജിത് (പ്രിന്റക്‌സ് അജിത്ത്) പറഞ്ഞു. ഒരു ഓൺലൈൻ ചാനലാണ് ആദ്യം കള്ളവാർത്ത പ്രചരിപ്പിച്ചത്. പി കെ ശ്രീമതിയുടെ ചിത്രം സഹിതമായിരുന്നു വ്യാജപ്രചാരണം. തുടർന്ന്, ബിജെപി ചാനലുൾപ്പെടെ കളളപ്രചാരണം ഏറ്റെടുക്കുകയായിരുന്നു.










0 comments