Deshabhimani

അടിയന്തരാവസ്ഥയിലെ പീഡനം

print edition ഓർമകൾ "ഒഴിയാതെ' ഇന്ന്‌ വെള്ളിത്തിരയിലേക്ക്‌

Ozhiyathe
വെബ് ഡെസ്ക്

Published on Sep 11, 2026, 01:30 AM | 1 min read

പാലക്കാട് : നാടിനെ നിശ്ചലമാക്കിയ നെറികേടിന്റെ കാലത്തെ ഓർമകൾ പങ്കുവച്ച്‌ ഫാറൂഖ്‌ അബ്‌ദുൾ റഹ്മാൻ സംവിധാനം ചെയ്ത "ഒഴിയാതെ'തിയറ്ററുകളിലേക്ക്‌. 1975ലെ അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി ഇൻസൈറ്റ്‌ ദി ക്രിയേറ്റീവ്‌ ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടി നിർമിച്ച സിനിമ വെള്ളിയാഴ്‌ച തിയറ്ററുകളിലെത്തും. അടിയന്തരാവസ്ഥ കാലത്ത്‌ പാലക്കാട്‌ കൊടുവായൂർ സ്കൂളിലെ 19 കുട്ടികളെ അന്യായമായി തുറങ്കലിലടച്ച ചരിത്ര സംഭവമാണ്‌ സിനിമയിൽ പുനരാവിഷ്കരിക്കുന്നത്‌.


എട്ട്‌, ഒമ്പത്‌ ക്ലാസുകാരെയാണ്‌ പൊലീസ്‌ തടവിലാക്കിയത്‌. കുട്ടികളാണെന്ന പരിഗണനപോലും നൽകാതെ പുതുനഗരം പൊലീസ്‌ സ്റ്റേഷനിലെത്തിച്ച്‌ ക്രൂരമായി മർദിച്ചു. ജുവൈനൽ ഹോമിന്‌ പകരം അവശരായ ഇവരെ 21 ദിവസം പാലക്കാട്‌ കോട്ടയ്‌ക്കുള്ളിലെ സബ്‌ ജയിലിലാക്കി. വീടും നാട്ടുകാരും ചുറ്റും നടക്കുന്നത്‌ എന്താണെന്ന്‌ മനസ്സിലാകാതെ വിറങ്ങലിച്ചുനിന്നു. ജ്വലിക്കുന്ന ഓർമകൾ 50 വർഷം പിന്നിടുപ്പോഴാണ്‌ കഥ സിനിമയായി എത്തുന്നത്‌. തുറങ്കിൽ അടച്ചവരിൽ 15 പേർ മാത്രമാണ്‌ ഇന്ന്‌ ജീവിച്ചിരിക്കുന്നത്‌. ഇവരിൽ ഒരാളുടെ അഭ്യർഥനയെ തുടർന്ന്‌ ഡോക്യുമെന്ററി തയ്യാറാക്കാനായിരുന്നു ആദ്യതീരുമാനം.


പശ്ചാതലം കൂടുതൽ അറിയാൻ സംവിധായകനും നിർമാതാവും ചരിത്രഭൂമിയിലൂടെ നടത്തിയ യാത്രയിൽ അതിജീവിതരിൽ ഒരാളുടെ അമ്മയെ കണ്ടുമുട്ടി. അവർക്ക്‌ ഇപ്പോഴും അറിയില്ല തന്റെ മകനെ എന്തിനാണ്‌ പൊലീസുകാർ പിടിച്ചുകൊണ്ടുപോയതെന്ന്‌. ഓർമകളിൽ കാത്തിരിപ്പിന്റെ വേദനമാത്രം. ഇതിനുശേഷമാണ്‌ ഡോക്യുമെന്ററി എന്ന ആശയം സിനിമയായത്‌. ഓഡിഷനിലൂടെ ജില്ലയിൽനിന്നുള്ളവരെത്തന്നെ അഭിനേതാക്കളാക്കി. 40 ദിവസത്തിൽ പൂർത്തിയാക്കിയ സിനിമ പൂർണമായും കൊടുവായൂരിലാണ്‌ ചിത്രീകരിച്ചത്‌.


മേതിൽ സതീശന്റെ വരികൾക്ക്‌ ബിജിബാലാണ്‌ സംഗീതം ഒരുക്കിയത്‌. സോണി സുകുമാരൻ (ഛായഗ്രഹണം), പ്രേംസായ്‌ (എഡിറ്റിങ്‌), പ്രമോദ്‌ പള്ളിയിൽ (കല), ഗണേഷ്‌ മാരാർ (സ‍ൗണ്ട്‌ മിക്സിങ്‌), എം ബി നിലേഷ്‌ (കളറിങ്‌), ലത മോഹൻ (വസ്‌ത്രാലങ്കാരം), ബിൻസ്‌ ജോസഫ്‌ (സഹസംവിധാനം), സതീഷ്‌ ദാമോദരൻ (ഡിസൈൻ) തുടങ്ങിയവർ പിന്നണിയിൽ. കേരളത്തിലെ 35 തീയറ്ററുകളിലാണ്‌ റിലീസ്‌. വാർത്താ സമ്മേളനത്തിൽ ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പ് സെക്രട്ടറി മേതില്‍ കോമളന്‍കുട്ടി, ട്രഷറര്‍ മാണിക്കോത്ത് മാധവദേവ്, സംവിധായകന്‍ ഫറൂഖ് അബ്ദുള്‍ റഹ്‌മാന്‍, ഗായകന്‍ പ്രണവം ശശി, കെ നാരായണന്‍, ഡിസ്ട്രിബ്യൂട്ടര്‍ ഷാനു എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home