സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കാത്തിരിക്കുന്നത് മൂവായിരത്തിലധികം പേര്

സ്വന്തം ലേഖിക
Published on Sep 12, 2026, 12:00 PM | 1 min read
തൃശൂര്‍ : സംസ്ഥാനത്ത് കുഞ്ഞിനെ ദത്തെടുക്കാനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് മൂവായിരത്തിലധികം പേർ. ഇവര്‍ക്ക് മൂന്ന് വർഷത്തിനുള്ളിൽ ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 239 കുട്ടികൾ സ്വദേശത്തും 38 കുട്ടികൾ വിദേശത്തും ദത്തുപോയി.
അമ്മത്തൊട്ടിലിലൂടെ ലഭിക്കുന്ന കുഞ്ഞുങ്ങളിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കിയശേഷം ആരോഗ്യനില തൃപ്തികരമായവരെ സാധാരണ ആറുമാസത്തിനകം ദത്തുനൽകാറുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളുടെ ദത്തെടുക്കൽ നടപടികളാണ് താരതമ്യേന വൈകുന്നത്.
2002 മുതൽ സംസ്ഥാനത്ത് അമ്മത്തൊട്ടിൽ വഴി 1003 കുട്ടികളെയാണ് ലഭിച്ചത്. ഇതിൽ 684 പേർ പെൺകുട്ടികളും 319 പേർ ആൺകുട്ടികളുമാണ്.
ഇവരിൽ 20ൽ താഴെ കുട്ടികൾമാത്രമാണ് ദത്തുപോകാനുള്ളത്. അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ലഭിച്ചാൽ രണ്ട് മാസംവരെ യഥാർഥ മാതാപിതാക്കൾക്ക് കുഞ്ഞിനെ തിരിച്ചെടുക്കാൻ അവസരം നൽകും. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷമാണ് വിട്ടുനൽകുക. ഈ കാലയളവിൽ കുട്ടികളെ ശിശുപരിചരണ കേന്ദ്രങ്ങളിൽ പരിചരിക്കും.









0 comments