print edition അടൂർ പ്രകാശിനെതിരെ പടയൊരുക്കം; 13 ലെ യോഗത്തിൽ ചർച്ചയാകും


സി കെ ദിനേശ്
Published on Oct 11, 2026, 01:10 AM | 1 min read
തിരുവനന്തപുരം : യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ തുറന്നുപറച്ചിലിന് ഹൈക്കമാൻഡിലെ ചിലരുടെ പിന്തുണയുണ്ടെന്ന് ബോധ്യമായതോടെ കെപിസിസി യോഗത്തിൽ ആഞ്ഞടിക്കാൻ മുഖ്യമന്ത്രിയുടെ നീക്കം. അടൂർ പ്രകാശിനെതിരെ പരസ്യമായി പറയില്ലെന്ന് വ്യക്തമാക്കിയ സതീശൻ തന്റെ ആയുധം എന്താണെന്ന സൂചനയാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രണ്ട് മുൻ പ്രസിഡന്റുമാർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നിവരെല്ലാമുള്ള മന്ത്രിസഭയിൽ ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും ദൈനം ദിനകാര്യങ്ങൾ ആരുമായും ചർച്ച ചെയ്യേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അടൂർ പ്രകാശ് ഉൾപ്പെടെ മന്ത്രിസഭയ്ക്ക് പുറത്തുള്ള ആരുമായും മുഖ്യമന്ത്രി എന്ന നിലയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സതീശൻ പറഞ്ഞതിന്റെ ഉള്ളടക്കം. യുഡിഎഫ് കൺവീനറെ അറിയിക്കേണ്ട കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനും പറയാമെന്നാണ് സൂചിപ്പിച്ചത്. കെപിസിസി യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചേക്കും. സർക്കാരിനെ പിന്നിൽനിന്ന് കുത്താൻ നീക്കമുണ്ടെന്ന ആക്ഷേപവും ഉന്നയിക്കും.
ഹൈക്കമാൻഡിൽനിന്ന് പൊതുവായി അടൂർ പ്രകാശിന് പിന്തുണ ലഭിക്കില്ലെന്ന് കെപിസിസി ഭാരവാഹി പറഞ്ഞു. മുഖ്യമന്ത്രിക്ക് കഴിവ് തെളിയിക്കാൻ ചുരുങ്ങിയത് ഒരുവർഷമെങ്കിലും അവസരം നൽകണമെന്നതാണ് കോൺഗ്രസ് പൊതുവെ സ്വീകരിച്ചിട്ടുള്ള നയം.
കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കുന്നതിന് അന്ത്യം കുറിക്കണമെന്ന് മുതിർന്ന നേതാക്കൾ നിലപാടെടുത്താൽ സതീശന് പിടിച്ചുനിൽക്കാനാകില്ല. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയോട് എതിർപ്പുള്ളവർ അടൂരിനൊപ്പം ചേർന്നേക്കും. കെ സുധാകരൻ പരസ്യമായി അക്കാര്യം പറഞ്ഞിട്ടുമുണ്ട്.
പാർടിയെയും സർക്കാരിനേയും ഏകോപിപ്പിക്കാൻ സമിതി രൂപീകരിച്ചാലും അടൂർ പ്രകാശിന്റെ വിജയമാകും. ഡൽഹിയിലെ സമരത്തിന്റെ പോക്ക് അനുസരിച്ച് യോഗം നീളാനും സാധ്യതയുണ്ട്.









0 comments