ഉമ്മൻ ചാണ്ടി എവർറോളിങ് ട്രോഫിയുമായി കുടുംബം

കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിൽ എവർ റോളിങ് ട്രോഫിയുമായി കുടുംബം. ചിത്തിര കേരള സ്റ്റേറ്റ് റാങ്കിങ്ങ് പുരുഷ ഡബിൾസ് ടെന്നിസ് ടൂർണമെന്റ് വിജയികൾക്കുള്ള എവർറോളിങ് ട്രോഫിയുടെ അനാച്ഛാദനം കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് ചാണ്ടി ഉമ്മനും കുടുംബവും നിർവഹിച്ചു. ട്രോഫി അനാച്ഛാദനത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകൾ മരിയ ഉമ്മനും പങ്കെടുത്തു. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പുനസംഘടനയിൽ ചാണ്ടി ഉമ്മനെ തഴഞ്ഞതിനുപിന്നാലെയാണ് കുടുംബം ഒന്നടങ്കം പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
നാഷണൽ ഒൗട്ട്‌റീച്ച് സെല്ലിൽനിന്ന് ചാണ്ടി ഉമ്മനെ നീക്കിയിരുന്നു. പിന്നാലെ കെപിസിസി പുനഃസംഘടനയിൽ നിന്നും ചാണ്ടി ഉമ്മനെ തഴഞ്ഞു. ചാണ്ടി ഉമ്മൻ ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആകുമെന്നു കരുതിയിരുന്ന ഒരു വിഭാഗം പ്രവർത്തകരിൽ ഇത് അമർഷം സൃഷ്ടിച്ചു. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്നും പറയാനുള്ളത് ഒരു ദിവസം പറയുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം പിതാവിന്റെ ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്റെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു. പാർട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ രാജിവെച്ച് ഒഴിയുമായിരുന്നു എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
ടെന്നിസിന് ഉമ്മൻ ചാണ്ടി നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് എവർറോളിങ് ട്രോഫി നൽകുന്നതെന്ന് കുടുംബം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് പുറമെ കേരള ടെന്നിസ് അസോസിയേഷൻ പ്രതിനിധികളും ട്രോഫി ഡിസൈൻ ചെയ്ത വ്യക്തികളുമാണ് പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. എന്നാൽ ഉമ്മൻചാണ്ടിയുടെ പേരിലുള്ള എവർറോളിങ് ട്രോഫി അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കളൊന്നും പങ്കെടുക്കാഞ്ഞത് എന്തുകൊണ്ടാണെന്ന ചർച്ചയും ഉയരുന്നുണ്ട്.










0 comments