ഓൺലൈൻ പാർട്ട് ടൈം ജോലി; യുവതിയിൽ നിന്ന് തട്ടിയെടുത്തത് 68 ലക്ഷം രൂപ

തൃശൂർ : ഓൺലൈൻ പാർട്ട് ടൈം ജോലിയുടെ പേരിൽ 68.77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം തിരൂർ വലിയകുന്ന് ആലുംകുടം സ്വദേശി കരണത്തുപള്ളിയലിൽ മുഹമ്മദ് കുട്ടിയെ(45)യാണ് ഇരിങ്ങാലക്കുട സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് കോതകുളം സ്വദേശിനിക്ക് ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിവിധ ചുമതലകൾ നൽകിയ ശേഷം ലാഭവിഹിതം പിൻവലിക്കുന്നതിന് വിവിധ ഫീസായി 68,77,251 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്'. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓൺലൈൻ പാർട്ട് ടൈം ജോബ് സപ്ലൈ ചെയ്യുന്നവരാണെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് വലപ്പാട് സ്വദേശിനി അപേക്ഷിച്ചത്. തുടർന്ന് ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും പാർട്ട് ടൈം ജോലിയുടെ പേരിൽ വിവിധ ചുമതലകൾ നൽകുകയും ചെയ്തു. ഇതിന് പ്രതിഫലമായി ചെറിയ തുകകൾ ലാഭവിഹിതമായി ലഭിച്ചതായി വ്യാജ വെബ്സൈറ്റിൽ പ്രദർശിപ്പിച്ച് ഇവരുടെ വിശ്വാസം നേടിയെടുത്തു.
ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഓഡിറ്റ് ഫീസ്, ഹാൻഡ്‌ലിങ് ഫീസ്, സെക്യൂരിറ്റി ഫീസ്, ആർടിജിഎസ്എസ് തുടങ്ങിയ വിവിധ ഫീസുകൾ അടയ്ക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച പരാതിക്കാരി വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പല തവണകളായി ആകെ 68,77,251 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു നൽകി. തട്ടിയെടുത്ത പണത്തിൽ നിന്ന് 5 ലക്ഷം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങി അത് പ്രധാന പ്രതിക്ക് നൽകി പതിനായിരം രൂപ കമീഷൻ കൈപ്പറ്റിയതിനാണ് മുഹമ്മദ് കുട്ടിയെ അറസ്റ്റ് ചെയ്തത്.
മുഹമ്മദ്കുട്ടി മലപ്പുറം ജില്ലയിലെ വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടിത കുറ്റകൃത്യ കേസിലെ പ്രതിയാണ്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ വിവിധ സംസ്ഥാനങ്ങളിലെ സൈബർതട്ടിപ്പുമായി ബന്ധപ്പെട്ട് 15 പരാതികളുള്ളതായി കണ്ടെത്തി. ഇരിങ്ങാലക്കുട സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ സി ബൈജു , എസ് ഐ ആൽബി തോമസ് വർക്കി, എസ് സി പി ഒ ഗിരീശൻ, സി പി ഒ ശബരിനാഥ്, ഷറഹത്ത് ഷാസു എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷക സംഘത്തിലുണ്ടായിരുന്നത്.








0 comments