Deshabhimani

വിലങ്ങുവച്ചത്‌ പൊതുജനം കാണട്ടെയെന്ന്‌ പൊലീസ്‌

അടൂർ പൊലീസിൽനിന്ന് നേരിട്ടത് ക്രൂരത; ആളുമാറിയെന്നറിഞ്ഞപ്പോൾ "ബിരിയാണി വാങ്ങിതരാം, കേസിന്‌ പോകരുതെന്ന്‌'

L S Afsal

എൽ എസ് അഫ്സൽ വാർത്താസമ്മേളനം നടത്തുന്നു

വെബ് ഡെസ്ക്

Published on Oct 17, 2026, 07:44 AM | 1 min read

പത്തനംതിട്ട: "പൊതുജനം കാണട്ടെ എന്ന്‌ പറഞ്ഞ്‌ മുക്കാൽ കിലോമീറ്ററോളം എന്നെ വിലങ്ങുവച്ച്‌ അവർ നടത്തിച്ചു. നിന്നെയും നിന്റെ കൂട്ടുകാരനെയും പൂട്ടും എന്ന്‌ പ്രാദേശിക കോൺഗ്രസ്‌ നേതാവ്‌ പറഞ്ഞതിന്‌ പിന്നാലെയാണ്‌ ഒരു സംഘം പൊലീസുകാർ വീട്ടിലെത്തിയത്‌'–പൊലീസിൽ നിന്ന്‌ നേരിട്ട ക്രൂരത വിശദീകരിച്ച്‌ അടൂർ പറക്കോട്‌ സുബൈർ മൻസിലിൽ എൽ എസ്‌ അഫ്സൽ. ബൈക്കിലെത്തിയ അടൂർ സ്‌റ്റേഷനിലെ പൊലീസ്‌ ഉദ്യോഗസ്ഥനായ അർജുൻ തന്നെയും അമ്മ ഷക്കീനയെയും അകാരണമായി മർദിച്ചെന്നും അഫ്‌സൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഭയപ്പെട്ട്‌ ഓടിയപ്പോൾ പൊലീസ്‌ പിന്തുടർന്ന്‌ കാലിൽ ചവിട്ടി വീഴ്‌ത്തി. പിന്നീട്‌ കൈയിൽ വിലങ്ങണിയിച്ച്‌ നടത്തിച്ചു. മെഡിക്കൽ എടുത്ത ശേഷമാണ്‌ താനല്ല പ്രതിയെന്നും ആള്‌ മാറിയെന്നും പൊലീസ്‌ പറഞ്ഞതെന്നും അഫ്സൽ പറഞ്ഞു. നൂറനാട്‌ ഇറക്കി വിടുമ്പോൾ "ബിരിയാണി വാങ്ങിതരാം, ചെരുപ്പ്‌ വാങ്ങിത്തരാം. കേസിനൊന്നും പോകരുത്‌' എന്നും പൊലീസുകാർ ആവശ്യപ്പെട്ടു.


പറക്കോട്‌ എസ്‌ബിഐ ബ്രാഞ്ചുമായി ബന്ധപ്പെട്ടാണ്‌ എറണാകുളം പൊലീസ്‌ അഫ്‌സലിന്റെ ആധാർ അടക്കമുള്ള രേഖ ശേഖരിച്ചത്‌. ഇക്കാര്യം ചോദിച്ചപ്പോർ ആള്‌ മാറി രേഖ നൽകിയെന്നും ക്ഷമിക്കണമെന്നുമാണ്‌ ബാങ്ക്‌ മാനേജർ പറഞ്ഞതെന്നും അഫ്‌സൽ പറഞ്ഞു. "എന്റെ മുന്നിൽ വച്ചാണ്‌ മകനെ പൊലീസുകാർ പിടിച്ചതും മർദിച്ചതും. എന്താണ്‌ കാര്യമെന്ന്‌ ചോദിച്ചപ്പോൾ എന്നെയും മർദിച്ചു'–അഫ്‌സലിന്റെ അമ്മ ഷക്കീന പറഞ്ഞു.


ഡിവൈഎഫ്‌ഐ പ്രവർത്തകനായ തന്നെ കരുതികൂട്ടി കേസിൽപെടുത്താനുള്ള ശ്രമമായിരുന്നോ എന്ന്‌ സംശയമുണ്ടെന്ന്‌ അഫ്‌സൽ പറഞ്ഞു. അടൂരിൽ രാഹുൽ മാങ്കൂട്ടത്തിലും സംഘവും നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ ഭീഷണി ഉയർത്തിയിരുന്നു. സംഭവത്തിൽ സംസ്ഥാന പൊലീസ്‌ മേധാവിക്കും മനുഷ്യാവകാശ കമീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home