Deshabhimani

ടെലിഗ്രാം വഴി അശ്ലീല വീഡിയോ പ്രചാരണം വ്യാപകമാകുന്നു; ഇടപെടാതെ അന്വേഷണ ഏജന്‍സികള്‍

telegram app
avatar
ജിബിന സാഗരന്‍

Published on Oct 04, 2026, 11:45 AM | 1 min read

തൃശൂര്‍ : ടെലിഗ്രാം കേന്ദ്രീകരിച്ച് അശ്ലീല വീഡിയോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും പണം ഈടാക്കി വിതരണം ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ ശൃംഖലകൾ സജീവമാകുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുന്നുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം തടയാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല. വിവിധ ഗ്രൂപ്പുകളുടെയും ചാനലുകളുടെയും മറവിലാണ് ഇത്തരം ഉള്ളടക്കങ്ങളുടെ കൈമാറ്റം. സൗജന്യമായി ഏതാനും വീഡിയോ പങ്കുവച്ചശേഷം കൂടുതൽ ഉള്ളടക്കം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം ഈടാക്കുന്നതാണ് രീതി. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ വഴിയാണ് ഇടപാടുകൾ നടത്തുന്നത്.


സാമൂഹ്യമാധ്യമങ്ങളും മെസേജിങ് ആപ്ലിക്കേഷനുകളും വഴിയാണ് ആളുകളെ ഇത്തരം ടെലിഗ്രാം ഗ്രൂപ്പുകളിലേക്കും ചാനലുകളിലേക്കും എത്തിക്കുന്നത്. ഒരു ഗ്രൂപ്പിൽ പ്രവേശിക്കുന്നവർക്ക് സമാനമായ മറ്റ് ഗ്രൂപ്പുകളിലേക്കും ചാനലുകളിലേക്കുമുള്ള ലിങ്കുകൾ ലഭിക്കും. അവയിൽനിന്ന് വീണ്ടും പുതിയ ഗ്രൂപ്പുകളിലേക്കും ചാനലുകളിലേക്കും പ്രവേശിക്കാനുള്ള ലിങ്കുകൾ ലഭിക്കുന്ന രീതിയിലാണ് ശൃംഖല പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ നിരവധി ഗ്രൂപ്പുകളെയും ചാനലുകളെയും ബന്ധിപ്പിച്ചാണ് ഉള്ളടക്ക വിതരണം തുടരുന്നത്.


ഇത്തരം ഗ്രൂപ്പുകളിലും ചാനലുകളിലും വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും വ്യാപകമാണ്. സ്വകാര്യ ഗ്രൂപ്പുകളും ചാനലുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഗ്രൂപ്പുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ലിങ്കുകൾ നിരന്തരം മാറുന്നതും ഉള്ളടക്കം വിവിധ ചാനലുകളിലേക്ക് പുനഃപ്രചരിക്കുന്നതും അന്വേഷണത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.


അതുകൊണ്ടുതന്നെ പലപ്പോഴും പരാതികള്‍ രജിസ്റ്റര്‍ ചെയ്താലും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകാത്ത പ്രതിസന്ധിയിലാണ് ഏജന്‍സികള്‍. ശൃംഖലകളുടെ ഉറവിടം കണ്ടെത്താനും പ്രവര്‍ത്തനം തടയാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയണമെന്നും അതിനുള്ള പരിശീലനം ആവശ്യമെങ്കില്‍ നല്‍കണമെന്നുമാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home