print edition ദുരിതാശ്വാസനിധി : നടപടികൾ ഇനി ഓൺലൈനിൽ

തിരുവനന്തപുരം
പട്ടികവർഗ വികസന വകുപ്പിന്റെ ദുരിതാശ്വാസനിധിയുടെ വിതരണ നടപടികൾ ഇനി ഓൺലൈനിൽ. ഇതോടെ അടിയന്തര ചികിത്സാ സഹായവും ആശ്വാസധനവും ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. ഇതിനായി സജ്ജമാക്കിയ ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം വ്യാഴം പകൽ രണ്ടിന് സെക്രട്ടറിയറ്റ് ഡർബാർ ഹാളിൽ മന്ത്രി ഒ ആർ കേളു നിർവഹിക്കും.
ഓഫീസുകൾ കയറിയിറങ്ങാതെയും ഇടനിലക്കാരില്ലാതെയും വേഗത്തിൽ സഹായം എത്തിക്കുകയെന്നതാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. അക്ഷയ കേന്ദ്രങ്ങളിലൂടെയും പ്രമോട്ടർമാർ വഴിയും അപേക്ഷകൾ സമർപ്പിക്കാൻ കഴിയും. മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷയുടെ നിലവിലെ സ്ഥിതി ഗുണഭോക്താവിന് നേരിട്ട് മനസ്സിലാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. 5,000രൂപവരെ പ്രൊജക്ട് ഓഫീസർമാർക്കും 25,000 രൂപവരെ ഡയറക്ടർക്കും അതിനു മുകളിൽ മന്ത്രിക്കും സഹായം അനുവദിക്കാം. അനുവദിക്കുന്ന തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടെത്തും. കുടുംബത്തിന്റെ താങ്ങായിരുന്ന വ്യക്തി മരണപ്പെട്ടാൽ രണ്ടു ലക്ഷം രൂപവരെ നൽകുന്ന പദ്ധതിയും ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിലുണ്ട്. തഹസിൽദാരുടെ സാക്ഷ്യപത്രവും മറ്റു രേഖകളും അപ്‌ലോഡ് ചെയ്യുന്നതോടെ സഹായം ഉറപ്പാക്കും.
കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് ആനുകൂല്യം. ആധാർ കാർഡ്, റേഷൻ കാർഡ്, മെഡിക്കൽ ബില്ലുകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.









0 comments