Deshabhimani

print edition ശമ്പളമില്ല; സംരക്ഷിത അധ്യാപകരെ വഴിയാധാരമാക്കി

SSK

പ്രതീകാത്മക ചിത്രം

avatar
ബിജോ ടോമി

Published on Sep 01, 2026, 12:01 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ്‌ സ്‌കൂളുകളിലെ പുനർവിന്യസിക്കപ്പെട്ട സംരക്ഷിത അധ്യാപകർ ശമ്പളമില്ലാതെ വലയുന്നു. ജൂലൈയിലെ ശമ്പളം മുടങ്ങിയതോടെ അഞ്ഞൂറിലധികം സംരക്ഷിത അധ്യാപകർക്ക്‌ ഇത്തവണ പട്ടിണി ഓണമായിരുന്നു. തുടർന്നുള്ള മാസങ്ങളിലും ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്‌. എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഒഴിവുകളിൽ സ്ഥിരമായി പുനർവിന്യസിക്കുന്ന സംരക്ഷിത അധ്യാപകരുടെ ശമ്പളം സ്‌പാർക്ക്‌ (സർവീസ്‌ ആൻഡ്‌ പേറോൾ അഡ്‌മിനിസ്‌ട്രേറ്റീവ്‌ റിപ്പോസിറ്ററി ഫോർ കേരള) വഴി നൽകണമെന്ന്‌ മെയ്‌ 31ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവ്‌ ഇറക്കിയിരുന്നു. എന്നാൽ ഇവരെ സ്‌പാർക്കിൽ ഉൾപ്പെടുത്താൻ ധനവകുപ്പ്‌ അനുമതി നൽകാത്തതാണ്‌ ശമ്പളം മുടങ്ങാൻ കാരണം. ഇത്‌ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങുന്നില്ല.


സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ 2015-16 മുതൽ 2021-22 അധ്യയനവർഷംവരെ നിയമനാംഗീകാരം ലഭിച്ച അധ്യാപക, -അനധ്യാപക ജീവനക്കാർക്ക് എൽഡിഎഫ്‌ സർക്കാർ ആണ്‌ സംരക്ഷണ ആനുകൂല്യം അനുവദിച്ച്‌ ഉത്തരവിറക്കിയത്‌. തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തും. പുനർവിന്യസിക്കുന്ന തീയതി മുതൽ ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങൾക്കും അർഹരാകുകയും ചെയ്യും. ഇതനുസരിച്ച്‌ 225 എയ്‌ഡഡ്‌ അധ്യാപകർക്ക്‌ സംരക്ഷണം ലഭിച്ചിരുന്നു. ഇവർക്കും 2026–27 അധ്യയന വർഷം പുനർവിന്യസിക്കപ്പെട്ടവർക്കുമാണ്‌ ശമ്പളം മുടങ്ങിയത്‌. ഒഴിവുണ്ടായിരുന്ന എയ്‌ഡഡ്‌ സ്‌കൂളുകളിലും എസ്‌എസ്‌കെയിലും സർക്കാർ സ്‌കൂളുകളിൽ ഹെഡ്‌ ടീച്ചർ തസ്‌തികകളിലുമാണ്‌ തസ്‌തിക നഷ്‌ടം സംഭവിച്ചവരെ നിയമിച്ചത്‌.


യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതോടെ, പിഎസ്‌സി വഴി നിയമനം ലഭിച്ച സർക്കാർ സ്‌കൂൾ അധ്യാപകരെ പിരിച്ചുവിട്ട്‌ ഉത്തരവിറക്കിയിരുന്നു. ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പിൽ തസ്‌തിക നഷ്‌ടപ്പെട്ടവരെയാണ്‌ പുനർവിന്യസിക്കാതെ പിരിച്ചുവിട്ടത്‌. വലിയ പ്രതിഷേധമുയർന്നതോടെ നടപടി മരവിപ്പിച്ചു. പിന്നാലെയാണ്‌ ശമ്പളം മുടങ്ങിയത്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home