ad
Deshabhimani

നിശാഗന്ധിയിൽ ഇനി നൃത്തരാവുകൾ; നൃത്തോത്സവം 13 മുതൽ, കഥകളി മേളയ്ക്കും വേദിയാകും

Nishagandhi 2026 Dance Festival
വെബ് ഡെസ്ക്

Published on Feb 12, 2026, 06:06 PM | 1 min read

തിരുവനന്തപുരം: കനകക്കുന്നിൽ ഇനി നൃത്തരാവുകൾ. നിശാഗന്ധി നൃത്തോത്സവം ഫെബ്രുവരി 13 മുതൽ ആരംഭിക്കും. കനകക്കുന്നിൽ വൈകിട്ട് 6ന് കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നൃത്തോത്സവം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്കാരം പ്രശസ്ത മണിപ്പൂരി നര്‍ത്തകി പത്മശ്രീ ദര്‍ശന ജാവേരിയ്ക്ക് മന്ത്രി സമ്മാനിക്കും.


മണിപ്പൂരി നൃത്തത്തിന്‍റെ പാരമ്പര്യം പ്രചരിപ്പിക്കുന്നതിനും വേരറ്റ് പോകാതെ കാത്തുസൂക്ഷിക്കുന്നതിനുമായി ജീവിതം മാറ്റിവെച്ച പദ്മശ്രീ ദര്‍ശന ജാവേരിയുടെ കലാസപര്യയ്ക്കുള്ള അംഗീകാരമായാണ് നിശാഗന്ധി പുരസ്കാരം സമ്മാനിക്കുന്നത്. ഏകദേശം 60 വര്‍ഷമായി മണിപ്പൂരി നൃത്തമേഖലയിലു വ്യക്തിയാണ് ദര്‍ശന ജാവേരി. ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരള ടൂറിസം സെക്രട്ടറി കെ ബിജു ചെയര്‍മാനും കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ കണ്‍വീനറുമായ ജൂറിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.


ഫെബ്രുവരി 13 മുതല്‍ 20 വരെ നടക്കുന്ന നൃത്തോത്സവത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങി നൃത്തരംഗത്തെ പ്രഗത്ഭ കലാകാരന്‍മാര്‍ അണിനിരക്കും. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കഥകളി മേളയ്ക്കും കനകക്കുന്ന് വേദിയാകും. എല്ലാ ദിവസവും വൈകിട്ട് 5.30 ന് കനകക്കുന്ന് കൊട്ടാരത്തിനകത്തെ വേദിയിലാണ് കഥകളി നടക്കുക. 'ലവണാസുരവധം' (ഫെബ്രുവരി 13), 'രാവണോദ്ഭവം' (ഫെബ്രുവരി 14), 'നളചരിതം മൂന്നാം ദിവസം'(ഫെബ്രുവരി 15), 'ബകവധം' (ഫെബ്രുവരി 16), 'കര്‍ണ്ണ ശപഥം' (ഫെബ്രുവരി 17), 'ദുര്യോധനവധം' (ഫെബ്രുവരി 18), 'ദക്ഷയാഗം' (ഫെബ്രുവരി 19), 'തോരണ യുദ്ധം' (ഫെബ്രുവരി 20) എന്നിവ നടക്കും.


ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പത്മശ്രീ ഡോ. നര്‍ത്തകി നടരാജ്, ഡോ. രാജശ്രീ വാര്യര്‍ എന്നിവര്‍ ഭരതനാട്യം അവതരിപ്പിക്കും. തുടര്‍ന്ന് 8.30ന് ലതാസന ദേവിയും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി നൃത്തമുണ്ടാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ക്ലാസിക്കല്‍ നൃത്ത രൂപങ്ങളാണ് നൃത്തോത്സവത്തില്‍ അരങ്ങേറുക. നിശാഗന്ധി നൃത്തോത്സവത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home