ശമ്പളപരിഷ്കരണം, പെൻഷൻ സംരക്ഷണം
print edition യോജിച്ച സമരത്തിന് ആഹ്വാനംചെയ്ത് എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി എം വി ശശിധരൻ റിപ്പോർട്ട് അവതരിപ്പിക്കുന്നു
കൊച്ചി: ശമ്പളപരിഷ്കരണവും പെൻഷനും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ യോജിച്ച് അണിനിരക്കണമെന്ന് എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്‌തു. എൽഡിഎഫ് സർക്കാർ 12–ാം ശമ്പള പരിഷ്കരണ കമീഷനെ നിയമിക്കുകയും അഞ്ചുവർഷ തത്വമുറപ്പാക്കി പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കുകയും ചെയ്തിരുന്നു. അതിവേഗം കമീഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുപോയപ്പോഴാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. ഇതോടെ കമീഷന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. കാലാവധി ദീർഘിപ്പിക്കണമെന്ന കമീഷൻ ആവശ്യത്തിന് അനുമതി നൽകിയിട്ടില്ല.
അഞ്ചുവർഷ പരിഷ്കരണം വാഗ്ദാനംചെയ്ത് അധികാരത്തിലെത്തിയവർ 10 വർഷം കൂടുമ്പോൾമാത്രമേ ശമ്പളപരിഷ്കരണം അനുവദിക്കാനാകൂവെന്ന നിലപാട് സ്വീകരിച്ചു. ധവളപത്രത്തിലും ബജറ്റിലും ഇത് വ്യക്തമാക്കി. ശമ്പളപരിഷ്കരണം നീളുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടക്കാലാശ്വാസം അനുവദിക്കണം.
അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്നതും ഫാമിലി പെൻഷനും ഉൾക്കൊള്ളുന്നതുമായ അഷ്വേർഡ് പെൻഷൻ പദ്ധതി 2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാക്കി എൽഡിഎഫ് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവായ എപിഎസ് നടപ്പാക്കില്ലെന്നും എൻപിഎസ് ശക്തിപ്പെടുത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു.
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരായ പോരാട്ടത്തിൽ അണിനിരക്കണമെന്ന പ്രമേയം കൗൺസിൽ അംഗീകരിച്ചു. നവംബർ 21ന്റെ സെക്രട്ടറിയറ്റ് വളയൽ വിജയിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എം എ അജിത്കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം വി ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.









0 comments