print edition മരുന്ന് ഇല്ലാത്തതിനാൽ നവജാതശിശുവിനും ചികിത്സയില്ല

കോഴിക്കോട്: മരുന്ന് ഇല്ലാത്തതിനാൽ നവജാതശിശുവിന് ചികിത്സ നിഷേധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കുടുംബത്തെയുമാണ് പരിശോധന നടത്താതെ തിരിച്ചയച്ചത്. വൃക്കരോഗം ബാധിച്ച കുഞ്ഞിന് ഡിഎംഎസ്എ പരിശോധനയാണ് നിഷേധിച്ചത്. ഒരുമാസം കഴിഞ്ഞാണ് തീയതി നൽകിയത്.
മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് പേരാമ്പ്ര സ്വദേശികളായ അനൂപ്– അക്ഷയ ദമ്പതികളുടെ കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞത്. വൃക്കയിലും മൂത്രത്തിലും അണുബാധവന്നതിനെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. അണുബാധ നിയന്ത്രണവിധേയമാക്കാൻ ആന്റിബയോട്ടിക്കുകൾ നൽകി. ഡിഎംഎസ്എ പരിശോധനയിലൂടെ മാത്രമേ നിലവിലെ അവസ്ഥ മനസ്സിലാക്കാൻ കഴിയൂ. എന്നാൽ, നവംബർ 25നുശേഷം പരിശോധന നടത്താനായി ആശുപത്രിയിൽ എത്താനാണ് നിർദേശിച്ചത്.
ആശുപത്രിയിൽത്തന്നെ 2750 രൂപ ചെലവുവരുന്ന പരിശോധനയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ വൻ തുകയാണ് നൽകേണ്ടത്. മരുന്നില്ലാത്തതിനാലാണ് പരിശോധന നടത്താത്തതെന്നും നൽകിയ തീയതിക്കും മരുന്ന് എത്തിയില്ലെങ്കിൽ ഫോണിൽ വിവരമറിയിക്കാമെന്നും പറഞ്ഞ് അധികൃതർ ഫോൺ നമ്പർ വാങ്ങിവയ്ക്കുകയായിരുന്നെന്ന് അനൂപ് പറഞ്ഞു.
അതേസമയം, ന്യൂക്ലിയർ മെഡിസിന്റെ ഭാഗമായുള്ള റേഡിയോ ആക്ടീവ് ഐസോടോപ്പ് ഇഞ്ചക്ഷനാണ് പരിശോധനയ്ക്ക് ആവശ്യമെന്നും ബോംബെയിൽനിന്നാണ് വരേണ്ടതെന്നും മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. അരുൺ പ്രീത് പറഞ്ഞു. ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾപോലും ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്. സർക്കാർ നേരിട്ട് വിതരണംചെയ്യുന്ന മരുന്നുകൾപോലും ലഭിക്കാത്തതിനാൽ, വിലകൂടിയ മരുന്നുകളടക്കം പുറമെനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ഇവയിൽ പലതും ആരോഗ്യ ഇൻഷുറൻസിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.








0 comments