ad
Deshabhimani

ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയിന്‍

പത്ത് ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

vibe4wellness
വെബ് ഡെസ്ക്

Published on Dec 30, 2025, 05:29 PM | 2 min read

തിരുവനന്തപുരം: 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിനിന് തുടക്കമാകുന്നു. പുതുവത്സര ദിനത്തിൽ രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി കാസര്‍ഗോഡ് നിന്ന് ആരംഭിച്ച വിളംബര ജാഥയുടെ സമാപനവും തിരുവനന്തപുരത്ത് നടക്കും. അന്നേദിവസം 10 ലക്ഷത്തോളം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും.


വൈബ് 4 വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ക്ക് നാല് പ്രധാന ഘടകങ്ങളാണുണ്ടാവുക. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണവ. ഈ ലക്ഷ്യം കൈവരിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍, തദ്ദേശ സ്ഥാപങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. പുതുവത്സര ദിനത്തില്‍ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനും ക്യാമ്പയിൻ ആഹ്വാനം ചെയ്യുന്നു.


ആരോഗ്യ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികള്‍ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കും. സൈക്കിള്‍ റാലി, കൂട്ടയോട്ടം, കൂട്ട നടത്തം, സൂമ്പ ഡാന്‍സ്, സ്‌കേറ്റിങ്, കളരിപ്പയറ്റ്, പൂരക്കളി, പുലിക്കളി, കായിക ടൂര്‍ണമെന്റുകള്‍, ആരോഗ്യകരമായ ഭക്ഷണം തയാറാക്കല്‍ പരിശീലനം, ഭക്ഷ്യ പ്രദര്‍ശനങ്ങള്‍, വ്യായാമ പരിശീലനം, യോഗ പരിശീലനം, ഫ്‌ളാഷ് മോബ് തുടങ്ങിയവ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. എല്ലാവരും ഈ ക്യാമ്പയിനില്‍ പങ്കാളികളാകണം. വ്യായാമം ഓരോരുത്തരുടേയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ഭാഗമായി പത്ത് പ്രധാന പദ്ധതികളാണ് ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്നത്. അതില്‍ പ്രധാനമാണ് ജീവിതശൈലീ രോഗ പ്രതിരോധം. ആര്‍ദ്രം - ആരോഗ്യം ജനകീയ ക്യാമ്പയിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി 30 വയസ് കഴിഞ്ഞവരുടെ സ്‌ക്രീനിംഗ് നടത്തി. അതില്‍ 34 ശതമാനം പേര്‍ക്ക് രക്താതിസമര്‍ദവും 24 ശതമാനം പേര്‍ക്ക് പ്രമേഹവും ഉണ്ടെന്നാണ് കണ്ടെത്തി. 2025 ഫെബ്രുവരി 4ന് ആരംഭിച്ച് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയ 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' എന്ന ബൃഹത് കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനില്‍ 20 ലക്ഷത്തിലധികം പേരെ ഇതിനോടകം സ്‌ക്രീന്‍ ചെയ്തു. ക്യാമ്പയിന്റെ അടുത്ത ഘട്ടമായാണ് വെല്‍നസിന് പ്രാധാന്യം നല്‍കിക്കൊണ്ട് 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്' എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.


ജനുവരി ഒന്നിന് നടക്കുന്ന പരിപാടിയിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയാവും. മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും പരിപാടികള്‍ സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ഭാരതീയ ചികിത്സാ വകുപ്പ് മേധാവി ഡോ. കെ എസ് പ്രിയ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home