ad
Deshabhimani

ദുരന്തനിവാരണത്തിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും അനാസ്ഥ ആശങ്കപ്പെടുത്തുന്നത്: പ്രതിപക്ഷ നേതാവ്

cm pinarayi
വെബ് ഡെസ്ക്

Published on Aug 02, 2026, 03:16 PM | 1 min read

തിരുവനന്തപുരം: ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജ്ജിതമാക്കണമെന്നും പ്രതിപക്ഷനേതാവ് സർക്കാരിനോട് ആവശ്യപ്പെട്ടു.


റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കാൻ പോലും സമയം ലഭിച്ചില്ല. അതിന്റെ പേരിൽ അവർക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നിരിക്കുന്നു. ഭക്ഷണവിതരണത്തിൽ വീഴ്ചയുണ്ടായെന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ സമ്മതിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യേണ്ടി വന്നത്. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് മനുഷ്യരാണ് കഴിയുന്നത്. ഈ സാഹചര്യത്തിൽ ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കേണ്ടതാണ്.


ദുരന്തബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കണം. അതോടൊപ്പം, ഉണ്ടായ വീഴ്ചകൾ പരിശോധിച്ച് ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണം. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പിണറായി വിജയൻ അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home