250 കോടിയുടെ നിക്ഷേപം
print edition എൻഡിആർ സ്‌പേസിന്റെ വെയർഹൗസിങ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവയിൽ

ആലുവ
കേരളത്തിൽ 250 കോടിയുടെ നിക്ഷേപവുമായി വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനി എൻഡിആർ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്. ആലുവ ചുണങ്ങംവേലിയിൽ സ്ഥാപിക്കുന്ന വെയർഹൗസിങ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കിന് വ്യാഴം രാവിലെ 9.30ന് മന്ത്രി പി രാജീവ് കല്ലിടും. കീഴ്മാട് ജിടിഎൻ കമ്പനി സ്ഥിതിചെയ്തിരുന്ന 16 ഏക്കറിലാണ് ഗ്രേഡ്- എ വെയർഹൗസിങ് സംരംഭം സ്ഥാപിക്കുന്നത്. രണ്ടുദശലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഗ്രേഡ് എ വെയർഹൗസിങ് വ്യാവസായിക ഇടങ്ങൾ സംസ്ഥാനത്തുടനീളം സ്ഥാപിക്കാനുള്ള എൻഡിആർ സ്‌പേസിന്റെ പദ്ധതിയുടെ ഭാഗമായാണ് ആലുവയിൽ പാർക്ക് സ്ഥാപിക്കുന്നത്.
സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്‌സ് ശേഷി വർധിപ്പിക്കാനും വ്യാവസായിക വളർച്ച വേഗത്തിലാക്കാനും ലക്ഷ്യമിട്ടുള്ള വെയർഹൗസിങ് പാർക്ക് പൂർത്തിയാകുന്നതോടെ ഇരുനൂറിലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം ലഭിക്കും. എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽ, ഇ- കൊമേഴ്സ്, തേർഡ്-പാർട്ടി ലോജിസ്റ്റിക്‌സ് തുടങ്ങി വളർന്നുവരുന്ന വ്യവസായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വെയർഹൗസിങ് പാർക്ക് ഉപകാരപ്പെടും.
സ്‌റ്റോക്ക്, ഓർഡർ, അസംസ്‌കൃത വസ്‌തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും കണക്കുകൾ തുടങ്ങിയവ കാര്യക്ഷമമായി വിലയിരുത്തുന്ന സ്വയംനിയന്ത്രിത സംവിധാനങ്ങളും ഇവിടെ സജ്ജീകരിക്കും.
കേരളത്തിന്റെ വ്യാവസായിക, ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് വലിയ ഉണർവ് നൽകി ലോജിസ്റ്റിക്‌സ് സംവിധാനം ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ പിന്തുണയായിരിക്കും പദ്ധതിയെന്ന് എൻഡിആർ സ്‌പേസ് സിഇഒ രാജ് ശ്രീനിവാസൻ അറിയിച്ചു.










0 comments