print edition നവരാത്രി വിഗ്രഹങ്ങളെ വരവേറ്റു

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തെത്തിച്ച വിഗ്രഹങ്ങള്‍ക്ക് വരവേൽപ്പ് നൽകി. ദേശീയപാതയിലൂടെ മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട യാത്രയാണ് അനന്തപുരിയിലെത്തിയത്. ഞായർ വൈകിട്ട് കരമനമുതല്‍ നവരാത്രി ഘോഷയാത്രയ്ക്കൊപ്പം നൂറുകണക്കിനുപേർ അണിനിരന്നു. പത്മനാഭപുരം തേവാരക്കെട്ട് സരസ്വതിയെ ആനപ്പുറത്തും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ പല്ലക്കിലും വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്തുമാണ് എഴുന്നള്ളിച്ചത്.
വേലുത്തമ്പിദളവ നടയ്ക്കുവച്ചതാണ് കുമാരകോവിലിലെ വെള്ളിക്കുതിര. കിഴക്കേകോട്ടയിൽ പത്മനാഭസ്വാമി ക്ഷേത്രംസ്ഥാനി രാമവർമ വിഗ്രഹങ്ങളെ വരവേറ്റു, ഉടവാൾ ഏറ്റുവാങ്ങി. ആദിത്യവർമ, ഗൗരി പാർവതീഭായി, ഗൗരി ലക്ഷ്മീഭായി തുടങ്ങിയവർ മാതൃദേവതയെയും കുമാരസ്വാമിയെയും മുന്നൂറ്റി നങ്കയെയും കരുവേലപ്പുര മാളികയ്ക്കുമുന്നിൽ വരവേറ്റു. പത്മതീർഥക്കുളത്തിലെ ആറാട്ടിനുശേഷം സരസ്വതിയെ പകടശാലയിൽ പൂജയ്ക്കിരുത്തി. തിങ്കൾ രാവിലെ നവരാത്രി മണ്ഡപത്തില്‍ പൂജവയ്ക്കും. വേളിമല കുമാരസ്വാമിയെ വലിയശാല ദേവീക്ഷേത്രത്തിലേക്കും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലേക്കും പൂജയ്ക്കായി കൊണ്ടുപോയി.
10 ദിവസം വിഗ്രഹങ്ങള്‍ തലസ്ഥാനത്തുണ്ടാകും. 20-നാണ് പൂജയെടുപ്പ്. തുടര്‍ന്ന് കുമാരസ്വാമിയുടെ പൂജപ്പുരയിലേക്കുള്ള പള്ളിവേട്ട യാത്ര. പിറ്റേന്ന് നല്ലിരുപ്പ്. 22-ന് കിള്ളിപ്പാലത്തുനിന്ന് മടക്കയാത്ര. 24-ന് മാതൃക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ എത്തിച്ചേരും. ഘോഷയാത്രയ്ക്ക് ബാലരാമപുരം പഞ്ചായത്തിന്റെയും വിവിധ ക്ഷേത്രക്കമ്മിറ്റികൾ, സന്നദ്ധസംഘടനകൾ തുടങ്ങി ബാലരാമപുരം പൗരാവലിയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. വഴിമുക്കിലും കൊടിനടയിലും എം വിൻസെന്റ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീല എന്നിവർ പങ്കെടുത്തു. ബാലരാമപുരത്ത് പാരമ്പര്യ അവകാശി എം സി സ്ട്രീറ്റിൽ രാജപ്പൻപിള്ളയും കുടുംബവും സ്വീകരണം നൽകി.








0 comments