ad
Deshabhimani

സർക്കാർ മെഡിക്കൽ കോളേജുകളിൽ 4 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമീഷൻ അനുമതി

TCR CLT MEDICAL COLLEGE
വെബ് ഡെസ്ക്

Published on Feb 21, 2026, 08:20 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ 4 മെഡിക്കൽ പിജി സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എംസിഎച്ച് സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജിയിലും തൃശൂർ മെഡിക്കൽ കോളേജിൽ ഡിഎം നിയോനെറ്റോളജിയിലും 2 സീറ്റുകൾക്ക് വീതമാണ് അനുമതി ലഭ്യമായത്. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് 133 മെഡിക്കൽ പിജി സീറ്റുകൾക്കാണ് അനുമതി ലഭ്യമായത്. ഈ രണ്ട് കോഴ്‌സുകളും തുടങ്ങാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരിക്കുകയും തസ്തിക സൃഷ്ടിക്കുകയും ചെയ്തിരുന്നു.


ഉദര സംബന്ധമായ രോഗങ്ങൾക്ക് ശസ്ത്രക്രിയാ ചികിത്സ നൽകുന്നതിനുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്സാണ് എംസിഎച്ച് സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി. കാൻസർ, കരൾ രോഗങ്ങൾ, പാൻക്രിയാറ്റിക് പ്രശ്‌നങ്ങൾ, ലാപറോസ്‌കോപിക്/അഡ്വാൻസ്ഡ് ശസ്ത്രക്രിയകൾ എന്നിവയിൽ കൂടുതൽ വിദഗ്ധരെ സജ്ജമാക്കുന്നതിന് സഹായിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാക്കാനും സാധിക്കും.


നവജാത ശിശുക്കളുടെ ഗുരുതര രോഗങ്ങൾക്കും പ്രത്യേക പരിചരണത്തിനുമായുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോഴ്‌സാണ് ഡിഎം നിയോനറ്റോളജി. പ്രീമേച്ച്വർ കുഞ്ഞുങ്ങൾ, എൻഐസിയുപരിചരണം, ശ്വാസകോശ-ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയിൽ കൂടുതൽ വിദഗ്ധരെ തയ്യാറാക്കാൻ ഇതിലൂടെ സാധിക്കും.


ഈ കാലയളവിൽ കോന്നി, ഇടുക്കി, കാസർകോട്, വയനാട് മെഡിക്കൽ കോളേജുകൾ യാഥാർഥ്യമാക്കി. സർക്കാർ, സർക്കാർ അനുബന്ധ മേഖലയിൽ 21 നഴ്സിംഗ് കോളേജുകൾ പുതുതായി ആരംഭിച്ചു. ആദ്യമായി ദേശീയ റാങ്കിംഗ് പട്ടികയിൽ മെഡിക്കൽ കോളേജുകളും ദന്തൽ കോളേജുകളും ഉൾപ്പെട്ടതും ഈ കാലയളവിൽ ആണ്. മെഡിക്കൽ, നഴ്സിംഗ് സീറ്റുകൾ ഗണ്യമായി വർധിപ്പിച്ചു. സർക്കാർ മേഖലയിൽ ആയിരത്തിൽ അധികം ബിഎസ്‍സി നഴ്‌സിംഗ് സീറ്റുകൾ ആണ് പുതുതായി അനുവദിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home