print edition നാഷണൽ ഹെൽത്ത് മിഷൻ; ദീർഘകാല കരാർ ഉറപ്പാക്കണം: സിഐടിയു

തിരുവനന്തപുരം : നാഷണൽ ഹെൽത്ത് മിഷനിലെ (എൻഎച്ച്‌എം) കരാർ ജീവനക്കാരുടെ കരാർ കാലാവധി രണ്ടുമാസംമാത്രം ദീർഘിപ്പിച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാരെ തൊഴിൽ അനിശ്ചിതത്വത്തിലേക്കും കടുത്ത ആശങ്കയിലേക്കുമാണ് അധികൃതർ തള്ളിവിടുന്നത്.
യോഗ്യതയനുസരിച്ചും കൃത്യമായ നടപടിക്രമങ്ങളിലൂടെയും നിയമിക്കപ്പെട്ടവരാണ് കരാർ ജീവനക്കാർ. എല്ലാ രണ്ട് മാസംകൂടുന്പോഴും കരാറിന്റെ പേരിൽ തൊഴിലാളികളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നത് അംഗീകരിക്കാനാവില്ല. വർഷങ്ങളായി മിഷന് കീഴിൽ ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് അപലപനീയമാണ്. ഇവരെ അടിയന്തരമായി ജോലിയിൽ തിരിച്ചെടുക്കണം.
കോവിഡ് ഉൾപ്പെടെ പ്രതിസന്ധി ഘട്ടങ്ങളിൽ നാടിന്റെ ആരോഗ്യ സംരക്ഷണത്തിനായി രാപകലില്ലാതെ പണിയെടുത്തവരെ രാഷ്ട്രീയ പകപോക്കലിന്റെപേരിൽ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. എൻഎച്ച്എം ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ദീർഘകാല കരാർ സംവിധാനം നടപ്പാക്കുകയുംവേണം. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾക്കായുള്ള പോരാട്ടത്തിന് സിഐടിയുവിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.










0 comments