Deshabhimani

print edition ദേശീയപതാകയോട്‌ അനാദരവ്‌ കാട്ടിയെന്ന കേസ്‌ റദ്ദാക്കി

kerala highcourt new 1

ഹൈക്കോടതി

വെബ് ഡെസ്ക്

Published on Oct 01, 2026, 01:30 AM | 1 min read

കൊച്ചി : അവഹേളിക്കണമെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെയല്ലെന്ന് ബോധ്യപ്പെട്ടാൽ ദേശീയ ബഹുമതികളോട് അനാദരവ് കാട്ടിയെന്ന കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ദേശീയപതാകയേയോ ഭരണഘടനയേയോ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലാതെ അബദ്ധത്തിലോ അവിചാരിതമായോ സംഭവിക്കുന്ന പ്രവൃത്തിയെ കുറ്റമായി കാണാനാകില്ലെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി.


ദേശീയപതാക തലകീഴായി പിടിച്ച ഫോട്ടോ വാട്സാപ്‌ ഗ്രൂപ്പിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ദേശീയ ബഹുമതികളെ അധിക്ഷേപിക്കുന്നതുതടയൽ നിയമപ്രകാരം ലക്ഷദ്വീപ് സ്വദേശി എച്ച് കെ മുഹമ്മദ് കാസിമിനെതിരെ എടുത്ത കേസ് റദ്ദാക്കിയാണ് സിംഗിൾബെഞ്ചിന്റെ നിരീക്ഷണം.


ദേശീയപതാകയെ ആദരിക്കാനായി 2022ൽ നടത്തിയ ‘ഹർ ഘർ തിരംഗ' പരിപാടിയുടെ ഭാഗമായി കോഴിക്കോട്ടെ വീടിനുമുന്നിൽ ഹർജിക്കാരൻ പതാകയുമായി ഭാര്യക്കൊപ്പം നിൽക്കുന്ന ചിത്രമെടുത്ത് വാട്‌സാപ്പിൽ പ്രചരിപ്പിച്ചിരുന്നു. പതാക തലതിരിഞ്ഞ രീതിയിലായിരുന്നു ചിത്രം.


തുടർന്ന് കവരത്തി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വാട്‌സാപ്‌ ഗ്രൂപ്പിനെ പൊതുവിടമായി കണക്കാക്കാമെങ്കിലും ദേശീയപതാകയോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്ന ഉദ്ദേശ്യമായിരുന്നു ഹർജിക്കാരനെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസും ആന്ത്രോത്ത് മജിസ്ട്രേട്ട്‌ കോടതിയിലെ തുടർനടപടികളും റദ്ദാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home