Deshabhimani

നാദാപുരത്ത് വീണ്ടും കാട്ടാന ഭീതി; കാർഷിക വിളകൾ നശിപ്പിച്ചു

wild elephant

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 29, 2026, 08:52 AM | 1 min read

നാദാപുരം: കോഴിക്കോട് നാദാപുരത്ത് മലയോര മേഖലയിൽ വീണ്ടും കാട്ടാന ഭീതി. വിലങ്ങാട് മലയങ്ങാടിൽ രാത്രിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്.


കണ്ണവം വനമേഖലയിൽനിന്നാണ് കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയതെന്നാണ് നാട്ടുകാരുടെ പറയുന്നത്. പ്രദേശവാസിയായ റോസമ്മ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. കൊച്ചുപുരയ്ക്കൽ രാരിച്ചന്റെയും റോസമ്മയുടെയും വീടിന്റെ മുറ്റത്തുവരെ ആന എത്തിയതായി നാട്ടുകാർ പറഞ്ഞു.


കഴിഞ്ഞ ദിവസം സമീപ പ്രദേശമായ ചിറ്റാരിയിലും നാശം വിതച്ച ഒറ്റയാനാണ് മലയങ്ങാടിലും എത്തിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. ആനയുടെ സാന്നിധ്യം പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.


വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയെങ്കിലും ആനശല്യം തടയാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. സോളാർ വേലി ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.


നാദാപുരം മേഖലയിൽ നഗരപ്രദേശങ്ങളിൽ പുലിയുടെയും മലയോര മേഖലയിൽ കാട്ടാനയുടെയും ശല്യം രൂക്ഷമായതോടെ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യത്തിലാണ് പ്രദേശവാസികൾ. കാട്ടുമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home