print edition സേവനങ്ങൾ മുടങ്ങിയിട്ട് 4 മാസം: എംവിഡിയിൽ സർവത്ര തകരാർ

എഐ നിർമിത ചിത്രം

സ്വന്തം ലേഖകൻ
Published on Oct 17, 2026, 01:00 AM | 1 min read
തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ പോർട്ടൽ സംവിധാനങ്ങൾ താളംതെറ്റിയിട്ട് നാല് മാസം പിന്നിട്ടിട്ടും പരിഹരിക്കാനാകാതെ സർക്കാർ. പരിവഹൻ പോർട്ടലിലെ തുടർച്ചയായ സാങ്കേതിക തകരാറുകളും മെല്ലെപ്പോക്കും കാരണം വാഹന ഉടമകളും ദുരിതത്തിൽ.
വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റൽ ഉൾപ്പെടെ അടിസ്ഥാന സേവനങ്ങൾ തടസ്സപ്പെട്ടിട്ട് മാസങ്ങളായി. എൻജിൻ നമ്പർ, ചേസിസ് നമ്പർ, പേര്, വിലാസം എന്നിവയിലെ അക്ഷരത്തെറ്റുകൾ കാരണം ഓൺലൈൻ അപേക്ഷകൾ സോഫ്റ്റ്വെയർ വ്യാപകമായി നിരസിക്കുന്നു. ഉദ്യോഗസ്ഥ അലംഭാവംമൂലം രേഖകൾ തിരുത്താനായി ആർടി ഓഫീസുകൾതോറും കയറിയിറങ്ങുന്ന ശിക്ഷ അനുഭവിക്കുകയാണ് അപേക്ഷകർ.
വായ്പ തിരിച്ചടവ് പൂർത്തിയാക്കിയ വാഹനങ്ങളുടെ ആർസി ബുക്കിലെ ഹൈപ്പോത്തിക്കേഷൻ ഒഴിവാക്കുന്നതിനുള്ള ഓൺലൈൻ സൗകര്യം മുടങ്ങി. ബാങ്കുകളിൽനിന്നുള്ള രേഖകൾ ഓൺലൈനായി സ്വീകരിക്കുന്നതിലെ സാങ്കേതിക തടസ്സം കാരണം, വാഹനം ആദ്യം രജിസ്റ്റർ ചെയ്ത അതത് ആർടി, സബ് ആർടി ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ട ഗതികേടിലാണ് വാഹന ഉടമകൾ.
വാഹന പിഴകൾ ഓൺലൈനായി അടയ്ക്കുന്ന സംവിധാനവും തകരാറിലാണ്. ഓൺലൈൻ പേയ്മെന്റ് ഗേറ്റ്വേ പ്രവർത്തിക്കാത്തതിനാൽ പിഴ ചുമത്തിയ ഓഫീസുകളിൽ നേരിട്ടെത്തി മാത്രമേ തുക ഒടുക്കാനാകൂ. കർണാടകത്തിലോ തമിഴ്നാട്ടിലോ ചുമത്തുന്ന ചെറിയ പിഴപോലും ഒടുക്കാൻ അവിടേക്ക് പോകേണ്ട അവസ്ഥയാണെന്ന് വാഹന ഉടമകൾ പറയുന്നു.
സെക്കൻഡ് ഹാൻഡ് വിപണിയും തകർന്നു
സേവനങ്ങൾ അനിശ്ചിതമായി മുടങ്ങിയതോടെ സംസ്ഥാനത്തെ സെക്കൻഡ് ഹാൻഡ് വാഹന വ്യാപാര മേഖലയും തകർന്നു. വാഹനങ്ങൾ വിൽക്കാനോ രേഖകൾ മാറ്റി നൽകാനോ കഴിയാതെ വ്യാപാരികളും ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളും പ്രതിസന്ധിയിലായി.









0 comments