ആംബുലൻസിനും പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്; നടപടി കാട്ടാന ശല്യം രൂക്ഷമായ മേഖലയിൽ ലൈറ്റ് ഘടിപ്പിച്ചതിന്

ലൈറ്റ് ഘടിപ്പിച്ചതിനു എംവിഡി പിഴ ഈടാക്കിയ ആംബുലൻസ്
കാലടി: കാട്ടാന ശല്യം രൂക്ഷമായ മേഖലയിൽ സർവീസ് നടത്തുന്ന ആംബുലൻസിന് മോട്ടോർ വാഹനവകുപ്പിന്റെ പിഴ. അധിക ലൈറ്റുകൾ ഘടിപ്പിച്ചെന്നാരോപിച്ച് വാഹനത്തിൽ 'മോഡിഫിക്കേഷൻ' നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് 5,500 രൂപ പിഴ ചുമത്തിയത്.
കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ആംബുലൻസിനാണ് ഈ ദുരവസ്ഥയുണ്ടായത്. കാട്ടാനശല്യം രൂക്ഷമായ മേഖലകളിലൂടെ രാത്രികാലങ്ങളിൽ രോഗികളെയും കൊണ്ട് പോകുമ്പോൾ സുരക്ഷയ്ക്കും കാഴ്ചയ്ക്കും വേണ്ടിയാണ് അധിക ലൈറ്റുകൾ ഘടിപ്പിച്ചതെന്ന് ഡ്രൈവർ വ്യക്തമാക്കി.
ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനത്തോട് മോട്ടോർ വാഹനവകുപ്പ് കാണിച്ച ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷനുകൾ സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിന്റെ നിലപാടുകൾക്കെതിരെ സോഷ്യൽ മീഡിയയിലടക്കം രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം ബംബർ ഘടിപ്പിച്ചെന്നാരോപിച്ച് ഒരാൾക്ക് വലിയ തുക പിഴ ചുമത്തിയ സംഭവം വലിയ ചർച്ചയായിരുന്നു. സാധാരണക്കാർക്കും അവശ്യ സേവനങ്ങൾ നടത്തുന്നവർക്കും മേൽ അമിത പിഴത്തുക ചുമത്തി ദ്രോഹിക്കുന്ന സർക്കാർ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്.










0 comments