print edition സ്ഥലംമാറ്റം സ്ഥാപനങ്ങളുടെ താളം തെറ്റിക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: വ്യവസ്ഥാപിത രീതി അട്ടിമറിച്ചുള്ള സ്ഥലംമാറ്റം പല സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം താളംതെറ്റിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മാനദണ്ഡങ്ങൾ ഇല്ലാതാക്കി. യുഡിഎഫ് സംഘടനകളുടെ നിർദേശം അടിസ്ഥാനമാക്കി രാഷ്ട്രീയ വിവേചനത്തോടെ ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലംമാറ്റുന്നു.
സ്ഥലംമാറ്റാനും മാറ്റാതിരിക്കാനും കൈക്കൂലി വാങ്ങുന്നു. പ്രധാന സ്ഥലങ്ങളിലും സ്ഥാനങ്ങളിലും അഴിമതിക്ക് കൂട്ടുനിൽക്കുന്നവരെ നിലനിർത്താനും കൊണ്ടുവരാനുമാണ് ലക്ഷ്യമിടുന്നത്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചവർ അടക്കമുള്ള താൽക്കാലിക, ദിവസവേതനക്കാരായ നിരവധിപ്പേരെ കൂട്ടമായി പിരിച്ചുവിടുന്നു. ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ ശക്തമായ പോരാട്ടമാണ് രാജ്യവ്യാപകമായി നടക്കുന്നത്. വൻ ജനാവലി യോജിച്ച് രംഗത്തിറങ്ങുന്നത് ഇത്തരം കടന്നാക്രമണങ്ങളെ ഇന്ത്യ ഭാവിയിൽ അതിജീവിക്കും എന്നതിന്റെ ഗ്യാരന്റിയാണ്. യോജിക്കാവുന്ന എല്ലാവരെയും അണിനിരത്തി കേരളത്തിൽ അനുഭാവസമരങ്ങൾ സംഘടിപ്പിക്കും.
നാട്ടികയിൽ നിർമാണം പൂർത്തിയാക്കാതെ ദേശീയപാതയിൽ ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധിച്ച എൽഡിഎഫ് പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്. കലക്ടർ വിളിച്ച സർവകക്ഷിയോഗം നടക്കുന്നതിനിടെയാണ് ടോൾ പിരിവ് പുനരാരംഭിച്ചത്. നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കില്ലെന്ന് ഉറപ്പുനൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments