ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കും
print edition വിദ്യാഭ്യാസ ടൂറിസം : നവീനസാധ്യതകളുമായി മുസിരിസ് പദ്ധതി

കൊച്ചി
ഇന്ത്യയിലും വിദേശത്തുമുള്ള അക്കാദമിക, സാംസ്‌കാരിക സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ വിദ്യാഭ്യാസ ടൂറിസത്തിന്റെ നവീനസാധ്യതകള്‍ മുന്നോട്ടുവച്ച് കേരളത്തിന്റെ മുസിരിസ് പദ്ധതി. കേന്ദ്ര-–സംസ്ഥാന സര്‍ക്കാരുകളുടെയും യുനെസ്‌കോയുടെയും പിന്തുണയോടെ മുസിരിസ് പൈതൃക പദ്ധതി ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കുന്നതിന് ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുമായി ധാരണപത്രം ഒപ്പിട്ടു.
എംജി സര്‍വകലാശാലയുമായുള്ള ധാരണപത്രം ഉടൻ ഒപ്പിടും. പൈതൃക വ്യാഖ്യാനം, മ്യൂസിയം മാനേജ്മെന്റ്, കല, സാമൂഹികാധിഷ്ഠിത ടൂറിസം, സുസ്ഥിരത, പൈതൃക പഠനങ്ങള്‍ എന്നിവയിലെ പ്രത്യേക പദ്ധതികള്‍ക്ക് ധാരണപത്രം വഴിയൊരുക്കും. അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും സഹകരിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. സെപ്‌തംബറില്‍ ആരംഭിച്ച പ്രോഗ്രാമിന്റെ നാലാമത്തെ ബാച്ചും ഇതിനകം പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടു.
ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ സ്പൈസ് റൂട്ട് ഹെറിറ്റേജ് സിമ്പോസിയമാണ് മറ്റൊരു പ്രധാന പരിപാടി. പുരാതന സമുദ്ര സുഗന്ധവ്യഞ്ജന ശൃംഖലയില്‍ മുസിരിസിന്റെ നിര്‍ണായക പങ്ക് ആഗോള ശ്രദ്ധയിലെത്തിക്കാന്‍ സാധിക്കും.
മുസിരിസ് പദ്ധതിയിൽ പൈതൃക കെട്ടിട പുനരുദ്ധാരണംമുതല്‍ ആധുനിക അടിസ്ഥാനസൗകര്യ വികസനംവരെ 108 പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായി. ഇന്റേണ്‍ഷിപ് പ്രോഗ്രാമുകളില്‍ ചേരുന്നവര്‍ക്ക് ഔദ്യോഗിക മുസിരിസ് പ്രോജക്ട് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. പ്രോഗ്രാം, ഇന്റേണ്‍ഷിപ് അന്വേഷണങ്ങള്‍ക്ക്: [email protected] | [email protected], +91 7902262781










0 comments