റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി
ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾക്കെതിരെ ഒന്നിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: നാനാത്വത്തിൽ ഏകത്വം എന്ന കാഴ്ചപ്പാട് അട്ടിമറിക്കാനും ഏകശിലാത്മകമായ വിചാരധാര അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള ജാഗ്രതയാണ് റിപ്പബ്ലിക് ദിനം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ അന്തസത്തയും ജനാധിപത്യ മൂല്യങ്ങളും മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയും ഫെഡറൽ തത്വങ്ങളും തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളും നടക്കുന്നു.
നമ്മുടെ ഭരണഘടന വെറുമൊരു നിയമഗ്രന്ഥമല്ല, മറിച്ച് വൈവിധ്യങ്ങളെ ആഘോഷിക്കുന്ന തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ കവർന്നെടുത്തും ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കിയും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾക്കെതിരെ ഒന്നിക്കണം. അധികാര വികേന്ദ്രീകരണത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ മാതൃകകൾ പോരാട്ടത്തിന് കരുത്തുപകരും. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹവും സാഹോദര്യവും കൊണ്ട് പ്രതിരോധിക്കാൻ നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തിൽ അറിയിച്ചു.










0 comments