print edition മുണ്ടക്കൈ ടൗൺഷിപ്; 83 വീട് താമസത്തിന് കൈമാറി

കൽപ്പറ്റ: മുണ്ടക്കൈ ടൗൺഷിപ്പിൽ ഗുണഭോക്താക്കളുമായി ചേർന്നുള്ള ഗുണമേന്മ പരിശോധന പൂർത്തിയാക്കി 83 വീട് താമസത്തിന് കൈമാറി. വ്യാഴാഴ്‌ച മൂന്ന് സോണുകളിലായി 22 വീടാണ് കൈമാറിയത്. കഴിഞ്ഞ ദിവസങ്ങളിൽ 61 വീട് നൽകിയിരുന്നു. ശനിയാഴ്‌ച കൂടുതൽ വീടുകൾ കൈമാറും.
പട്ടയവും ഉടമസ്ഥാവകാശവും നൽകിയ ഒന്നാംഘട്ടത്തിലെ 178 വീട്ടിലും കുടിവെള്ളവും മലിനജല സംസ്‌കരണ സംവിധാനവും വൈദ്യുതിയും ഉറപ്പാക്കി അവസാനഘട്ട ഗുണമേന്മാ പരിശോധന പുരോഗമിക്കുകയാണ്.
നിലം ഒരുക്കുന്നതുമുതൽ ആരംഭിച്ച 58 ഗുണമേന്മാ പരിശോധന പൂർത്തിയാക്കിയാണ് കരാറുകാരായ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും സർക്കാർ ഏജൻസിയായ കിഫ്‌കോണും ഗുണഭോക്താക്കളെ ഉൾപ്പെടുത്തി അവസാനഘട്ട മൂന്ന് പരിശോധന നടത്തുന്നത്.
വ്യാഴാഴ്ച മൂന്നാം സോണിലെ സി ക്ലസ്റ്ററിലെ നാലുവീട്, മൂന്നാം സോണിലെ ഡി ക്ലസ്റ്ററിലെ അഞ്ച്, ഒന്നാം സോണിലെ എഫ് ക്ലസ്റ്ററിലെ 13 വീട് എന്നിങ്ങനെയാണ് കൈമാറിയത്. കൈമാറിയ വീട് ഉൾപ്പെടെ 308 വീടിന്റെ വാർപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. 15 വീടിന്റെ പ്രവൃത്തി വാർപ്പിനോട് അടുക്കുന്നു. 34 എണ്ണത്തിന് സ്ഥലമൊരുക്കി പ്രവൃത്തി ആരംഭിച്ചു.
നിർമാണം പൂർത്തിയാക്കി മുഴുവൻ വീടിന്റെയും ടെറസ്സിന് മുകളിൽ 24 മണിക്കൂർ വെള്ളംകെട്ടി നിർത്തി സീലിങ്ങിലേക്ക് നനവ് കിനിഞ്ഞിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തി മൂന്ന് വാട്ടർ പ്രൂഫിങ്ങും സ്‌ക്രീഡ് കോൺക്രീറ്റും പൂർത്തിയാക്കിയാണ് കൈമാറുന്നത്. പോണ്ടിങ് പരിശോധന കഴിഞ്ഞ് 186 വീടുകളിൽ ഇതുവരെ സ്‌ക്രീഡ് കോൺക്രീറ്റ് പൂർത്തിയാക്കി. അഞ്ച് സോണായുള്ള 64.47 ഹെക്‌ടറിൽ 410 വീടാണ് നിർമിക്കുന്നത്.










0 comments