print edition ‘ഇൗ വീടാണ് ഇനിയെന്റെ കൊച്ചുമകൾ’

ശോഭനയെ മന്ത്രി കെ രാജൻ ആശ്വസിപ്പിക്കുന്നു
ജാഷിദ് കരീം
Published on Mar 02, 2026, 12:46 AM | 1 min read
കൽപ്പറ്റ
‘ഇനി ഇൗ വീടാണ് കൊച്ചുമകൾ’ എന്ന് പറഞ്ഞായിരുന്നു വെള്ളാർമല സ്‌കൂളിനോട് ചേർന്ന് താമസിച്ചിരുന്ന പാറക്കളം ശോഭന മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടിയത്. ദുരന്തത്തിൽ നഷ്ടപ്പെട്ട കൊച്ചുമകൾ അഹന്യയുടെ ഓർമകളാണ് കണ്ണീരായി ഒഴുകിയത്. മന്ത്രിയുടെ കണ്ണുകളും നിറഞ്ഞൊഴുകി. 92–ാം നമ്പർ വീടാണ് ശോഭനക്ക് ലഭിച്ചത്. ദുരന്തത്തിൽ ഗുരുതര പരിക്കേറ്റ കുടുംബാംഗങ്ങളെല്ലാം ആഴ്ചകളോളം ചികിത്സയിലായിരുന്നു. വീടിനെ കൊച്ചുമകളായി കണ്ട അമ്മയുടെ വേദന പ്രസംഗത്തിൽ മന്ത്രി പങ്കുവച്ചു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറയാൻ തന്നെ ഏൽപ്പിച്ചതായും മന്ത്രി പറഞ്ഞു.
ടൗൺഷിപ് ഉദ്ഘാടനത്തിനുമുമ്പ് ദുരന്തബാധിതരുടെ അരികിലേക്കെത്തിയ മന്ത്രിയെ കണ്ടവർ സന്തോഷത്തിലായി. വൈകാരിക നിമിഷങ്ങളായിരുന്നു പിന്നീട്. ആഹ്ലാദക്കണ്ണീരാൽ നിരവധി പേർ അടുത്തെത്തി. ആശ്വാസത്തിന്റെ നാളുകളിലേക്ക് ചുവടുവയ്‌ക്കുന്ന ഓരോരുത്തരും മന്ത്രിയോടും സർക്കാരിനോടുമുള്ള നന്ദി അറിയിച്ചു. വയോധികയായ ഉമ്മുക്കുൽസുവും സരോജിനിയുമെല്ലാം മന്ത്രിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു. കയ്‌പ്പുള്ള ഓർമകൾ ഏറെയുണ്ടെങ്കിലും നഷ്ടപ്പെട്ടുവെന്ന് കരുതിയ സുരക്ഷയും സ്ഥിരതയും വീണ്ടും കൈവന്നതിന്റെ സന്തോഷം മന്ത്രിയുമായി പങ്കുവച്ചു. വീടും പട്ടയവും ലഭിക്കുന്ന എല്ലാവരെയും നേരിൽക്കണ്ടാണ് മന്ത്രി മടങ്ങിയത്.










0 comments