print edition മുനമ്പം സമരം നാളെ അവസാനിപ്പിക്കും ; പോക്കുവരവ് ചെയ്യാൻ ഹെൽപ് ഡെസ്ക്

വൈപ്പിൻ
റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചുകിട്ടാൻ മുനന്പം ഭൂസംരക്ഷണ സമിതി 412 ദിവസമായി നടത്തിവന്ന നിരാഹരസമരം ഞായറാഴ്‌ച അവസാനിപ്പിക്കും.
മുനമ്പം തീരത്ത് താമസിക്കുന്ന 250 ഓളം കുടുംബങ്ങൾ കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജ് ഓഫീസുകളിൽ കരം അടച്ചുകഴിഞ്ഞു. പോക്കുവരവ് ചെയ്യുന്നതിന് കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ ഹെൽപ് ഡെസ്ക് തുറക്കാമെന്ന് മന്ത്രി പി രാജീവ് ഉറപ്പുനൽകിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാൻ ഭൂസംരക്ഷണസമിതി കോർ കമ്മിറ്റി തീരുമാനിച്ചത്. നിയമമന്ത്രി പി രാജീവ്, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അടക്കമുള്ളവർ ഞായർ പകൽ 2.30ന് സമരപ്പന്തലിൽ എത്തി സമരസേനാനികൾക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു.
ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശേരി, ഉണ്ണി പള്ളത്താംകുളങ്ങര എന്നിവരാണ് കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തത്.










0 comments