മുല്ലപ്പെരിയാർ ജലനിരപ്പ് കൂടി; ഇടുക്കിയിൽ ഒറ്റദിവസംകൊണ്ട് 3.4 അടിവെള്ളം ഉയർന്നു

ഇടുക്കി ഡാം (ഫയൽ)
കുമളി: വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടങ്ങിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ ഒരടിയിലേറെ വർധന. വെള്ളി രാവിലെ ആറിന് 112.45 അടിയായിരുന്ന ജലനിരപ്പ് ശനി രാവിലെ 113.70 അടിയെത്തി. മുൻവർഷം ഇതേദിവസം 134.90 അടിയായിരുന്നു. മുൻവർഷത്തേക്കാൾ 21.25 അടിയുടെ കുറവുണ്ട്.
24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 2650 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 268 ഘനയടി വീതം കൊണ്ടുപോയി. അണക്കെട്ട് പ്രദേശത്ത് 117.4 മില്ലിമീറ്ററും തേക്കടിയിൽ 93.2 മില്ലി മീറ്ററും കുമളിയിൽ 91 മില്ലി മീറ്ററും മഴപെയ്തു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് ശനി രാവിലെ ആറിന് 33.79 അടിയാണ്.
ഇടുക്കിയിൽ 2334.30 അടി വെള്ളം
ഇടുക്കി ജലസംഭരണിയിൽ ഒറ്റ ദിവസംകൊണ്ട് 3.4 അടിവെള്ളം ഉയർന്നു. നിലവിൽ 2334.30 അടി വെള്ളമാണുള്ളത്. തലേന്ന് 2330.90 അടിയായിരുന്നു. വെള്ളി രാത്രി 154.40 മില്ലിമീറ്റർ മഴ പെയ്‌തു. ഇടുക്കിയുടെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. മൂലമറ്റത്ത് വൈദ്യുതോൽപാദനം കുറച്ചിട്ടുണ്ട്. കഴിഞ്ഞദിവസം 4.090 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതോൽപാദനം.










0 comments