ക്യാമ്പസ് രാഷ്‌ട്രീയത്തെ ഇല്ലാതാക്കാനുള്ള തീരുമാനം ഫാസിസ്റ്റ് ഗൂഢാലോചന: എം ശിവപ്രസാദ്

കാസർകോട് : രാഷ്‌ട്രീയപ്രവർത്തനത്തെ ക്യാമ്പസുകൾക്ക് പുറത്തുനിർത്താനുള്ള തീരുമാനം ഫാസിസ്റ്റ് ഗൂഢാലോചനയാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ യഥാർഥ ലക്ഷ്യം എസ്‌എഫ്‌ഐയെ നിരോധിക്കുക എന്നതാണ്. സമൂഹത്തിന്റെ ഉയർച്ചയ്‌ക്കും പുരോഗമനസ്വഭാവത്തിന്റെ നിലനിൽപിനും വിദ്യാർഥിസംഘടനാപ്രവർത്തനവും അതിലൂടെ ഉയർന്ന വിദ്യാർഥിബോധ്യങ്ങളും വിലമതിക്കാനാവാത്ത സംഭാവനയാണ് നൽകിയത്. കേരളത്തെ മതനിരപേക്ഷ സമൂഹമായി നിലനിർത്തുന്നതിൽ എസ്‌എഫ്‌ഐ വഹിക്കുന്ന പങ്ക് ചെറുതല്ല. അതിനെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ജനാധിപത്യവൽക്കരണത്തിലൂടെ നാം കൈവരിച്ച നേട്ടങ്ങളെയാണ് തിട്ടൂരങ്ങളിലൂടെ ഇവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ രാഷ്‌ട്രീയപ്രവർത്തനംവേണം എന്നാഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനാധിപത്യവിശ്വാസികൾ. കേരള സർവകലാശാലയിൽ രാഷ്‌ട്രീയപ്രവർത്തനം നിരോധിക്കാൻ തയ്യാറാക്കിയ കരടുരേഖയിൽ, മുദ്രാവാക്യംവിളിച്ചാൽ തൂക്കിക്കൊല്ലും എന്ന് മാത്രമേ ഇനി എഴുതാൻ ബാക്കിയുള്ളൂ. സർവകലാശാലകളുടെ തലപ്പത്തിരിക്കുന്ന സംഘപരിപാർ അനുകൂലികളുടെ തീരുമാനത്തിനൊപ്പം നിൽക്കുകയാണ് സംസ്ഥാന സർക്കാരും. ഇടതുപക്ഷഭരണത്തിലില്ലാത്ത ധൈര്യമാണ് ഇപ്പോൾ പലർക്കും. എല്ലാ അജണ്ടകളും സർവതന്ത്രസ്വതന്ത്രമായി നടപ്പാക്കാമെന്ന ചിന്ത ആർഎസ്‌എസ്സിനുണ്ടാക്കിക്കൊടുത്തതും യുഡിഎഫാണ്. വന്ദേമാതരം പൂർണമായി ചൊല്ലാൻ കാവൽനിൽക്കുന്നവരെ നാം എങ്ങനെ വിശ്വസിക്കും. പൊതുവിദ്യാഭ്യാസ ഡയറക്‌ടർമാരെ മാറ്റിയതും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി സംഘപരിവാർ അനുകൂലിയെ നിയമിച്ചതും ആർഎസഎസ്‌എസ്സ് അജണ്ടയുടെ ഭാഗമായാണ്. ലീഗിന്റെ വകുപ്പ് കൈകാര്യംചെയ്യുന്നത് വിശ്വഹിന്ദു പരിഷത്താണ്. ആർഎസ്‌എസ്സിനുവേണ്ടിയാണ് വിദ്യാഭ്യാസ രംഗത്തെ ഉന്നതപദവികൾ മാറ്റിവച്ചിരിക്കുന്നത്. ഇരുണ്ടകാലം കടന്നുവരുന്നത് വിദ്യാഭ്യാസമേഖലയിൽക്കൂടിയാണ്. നിരോധനങ്ങളിലൂടെ ജനാധിപത്യ ക്യാമ്പസുകളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ശിവപ്രസാദ് പറഞ്ഞു.








0 comments