print edition വഖഫ് ബോർഡ് പിരിച്ചുവിടാനുള്ള നീക്കം ജനാധിപത്യ വിരുദ്ധം: കെ വി അബ്ദുൾഖാദർ

തൃശൂർ: അർധ ജുഡീഷ്യൽ അധികാരങ്ങളുള്ള വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കം ജനാധിപത്യ വിരുദ്ധമെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ കെ വി അബ്‌ദുൾഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഖഫ് ബോർഡ് സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ്.
ബോർഡിന്റെ തീർപ്പുകൾ ഹൈക്കോടതിയിലേ ചോദ്യം ചെയാൻ കഴിയൂ. സർക്കാരുകൾ മാറുന്നതിനനുസരിച്ച് വഖഫ് ബോർഡ് പിരിച്ചുവിടാറില്ല. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലീഗ് നേതാവ് അധ്യക്ഷനായ ബോർഡ് പിരിച്ചുവിട്ടില്ല. അതിന്റെ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് പുതിയ ബോർഡ് രൂപീകരിച്ചത്.
വഖഫ് വിഷയത്തിൽ ആർഎസ്‌എസിന്റെയും ബിജെപിയുടെയും താൽപ്പര്യങ്ങൾക്ക് യുഡിഎഫ് സർക്കാർ വഴങ്ങുകയാണ്. നേരത്തെ ബിജെപി നേതാവിന്റെ ഹർജിയിൽ ബോർഡിൽ അമുസ്ലീമുകളെ നിയമിക്കുന്നതിന് അനുകൂലമായി അഡ്വക്കറ്റ് ജനറൽ നിലപാടെടുത്തു. വഖഫ് ബോർഡും ദേവസ്വം ബോർഡും രാഷ്‌ട്രീയ പരിഗണനയിലല്ല പ്രവർത്തിക്കേണ്ടത്.
കിലയിൽ ലീഗ്, എംഎസ്‌എഫ് പ്രവർത്തകരെ തിരുകിക്കയറ്റിയത് ജനാധിപത്യവിരുദ്ധമാണ്. സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനത്തിന് സംവിധാനങ്ങളുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്‌റ്റർ ചെയ്‌തവരെയാണ് സാധാരണയായി നിയമിക്കാറ്. അതൊന്നും പാലിക്കാതെ ധാർഷ്‌ട്യം നിറഞ്ഞ സമീപനമാണ് കില നിയമനത്തിൽ മന്ത്രി കെ എം ഷാജി കൈക്കൊണ്ടത്–അബ്ദുൾഖാദർ പറഞ്ഞു.









0 comments