ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്: അമ്മയ്ക്ക് ജീവപര്യന്തം

തളിപ്പറമ്പ് : ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ശരണ്യയുടെ സുഹൃത്ത് രണ്ടാംപ്രതി വാരം വലിയന്നൂരിലെ പുന്നക്കൻ ഹൗസിൽ പി നിധിനെ കുറ്റക്കാരനല്ലെന്നുകണ്ട് വെറുതെവിട്ടു.
2020 ഫെബ്രുവരി 17നായിരുന്നു സംഭവം. തയ്യിൽ കൊടുവള്ളി ഹൗസിൽ പിതാവ് പ്രണവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന വിയാനെ പുലർച്ചെ ശരണ്യ എടുത്തുകൊണ്ടുപോയി കടലിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. നിധിനെതിരെ ചുമത്തിയ ഗൂഢാലോചന, പ്രേരണ കുറ്റങ്ങൾ കോടതിയിൽ തെളിയിക്കാൻ സാധിച്ചില്ല. ഇരുവർക്കുമെതിരെ ചുമത്തിയ 120 ബി, 109 വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി കണ്ടെത്തി.
അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന വിയാനെ, പാൽ നൽകാനെന്ന വ്യാജേന ശരണ്യ എടുത്ത് വീടിന് പുറത്തിറങ്ങി 60 മീറ്റർ മാറിയുള്ള കടൽഭിത്തിയിൽക്കയറി ഒമ്പത് മീറ്ററോളം താഴ്ചയിലേക്ക് എറിയുകയായിരുന്നു. പുലർച്ചെ, കുട്ടിയെ കാണാനില്ലെന്ന് ശരണ്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രണവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് തയ്യിൽ കടലിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസിൽ പരാതി നൽകിയിരുന്നു. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തപ്പോഴാണ് ശരണ്യയാണ് കൊലയാളിയെന്ന് വ്യക്തമായത്.
ഭർത്താവിനുമേൽ കുറ്റംചുമത്തി സുഹൃത്തിനൊപ്പം താമസിക്കാനായിരുന്നു അരുംകൊല. കേസിൽ 47 സാക്ഷികളെ വിസ്‌തരിച്ചു. 84 രേഖകളും 19 ഭൗതിക തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ശരണ്യ കേസ് തളിപ്പറമ്പ് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെ ആത്മഹത്യശ്രമം നടത്തി. 2025 ജനുവരി 20നാണ് വിചാരണ തുടങ്ങിയത്. വിചാരണയ്‌ക്കായി എത്തിയ ശരണ്യ, കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ മുറിയെടുത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.










0 comments