print edition തിരുവാഭരണ പാത ദേശീയപാതയാക്കണമെന്ന്; വിഡ്ഢിത്തം വിളമ്പി എംഎൽഎ

ആർ രാജേഷ്
Published on Oct 11, 2026, 01:00 AM | 1 min read
പത്തനംതിട്ട : ശബരിമല ധർമശാസ്താവിന്റെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാത ദേശീയപാതയായി ഉയർത്തണമെന്ന വിഡ്ഢിത്തം വിളന്പി കോൺഗ്രസ് എംഎൽഎ അബിൻ വർക്കി. പന്തളം വലിയ കോയിക്കൽ ക്ഷേത്രം മുതൽ സന്നിധാനംവരെ 83 കിലോമീറ്റർ ദൈർഘ്യമുള്ള പരമ്പരാഗത പാതയുടെ ളാഹ മുതൽ 40 കിലോമീറ്റർ വനവും കാട്ടാറുകളും നിറഞ്ഞതാണ്. ഇതിൽ 12 കിലോമീറ്റർ നടപ്പാത മാത്രവും.
തിരുവാഭരണഘോഷയാത്ര സമയത്ത് വനംവകുപ്പാണ് പാത തെളിക്കുന്നത്. തിരുവാഭരണപേടകം ചുമന്നുകൊണ്ടു കാൽനടയായി പോകുന്ന പാതയോരത്ത് നൂറ്റാണ്ടുകളുടെ പഴമ വിളിച്ചോതി കളിത്തട്ട്, ചുമടുതാങ്ങി എന്നിവയൊക്കെ കാണാൻ കഴിയും. അഞ്ച് സെന്റുമുതൽ രണ്ട് ഏക്കറുവരെ വഴിയോര വിശ്രമത്തിനായി ഒരുക്കിയിട്ടുണ്ട്. കിണറുകളും കുളങ്ങളുമൊക്കെ പാതയുടെ ഭാഗമാണ്. മണ്ഡല–മകരവിളക്ക് കാലത്ത് പന്തളത്തുനിന്നും സന്നിധാനത്തേക്കും തിരിച്ചും ഏഴുദിവസം നീളുന്ന യാത്രയിൽ ആയിരത്തിനടുത്ത് പേരാണ് പങ്കെടുക്കാറ്. അതിൽ പേടകമെടുക്കുന്ന 22 പേരും പല്ലക്ക് ചുമക്കുന്ന 14 പേരും 50 ദേവസ്വം ജീവനക്കാരും നൂറിലധികം പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ്.
ശബരിമല തീർഥാടനവുമായി ചരിത്രപരമായും ആചാരപരമായും ബന്ധമുള്ള പാതയെയാണ് വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ട് എംഎൽഎ വക്രീകരിക്കാൻ ശ്രമിക്കുന്നത്. ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണം വർഷംതോറും വർധിച്ചുവരുന്ന സാഹചര്യത്തിൽ, തിരുവാഭരണ പാതയുടെ സമഗ്ര വികസനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് വാദം. എന്നാൽ തീർഥാടകരുടെ എണ്ണവുമായി ഇതിന് ബന്ധവുമില്ലെന്നുള്ളതാണ് വസ്തുത. വിചിത്ര ആവശ്യമുന്നയിച്ച് എംഎൽഎ, പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിനെ നേരിൽക്കണ്ട് കത്ത് നൽകി. നേരത്തെ ഇതിനായി കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയെയും കണ്ടിരുന്നു. പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഉൾപ്പെടുത്തിയതിനെതിരെ ഇതുവരെ വാതുറക്കാത്ത എംഎൽഎയാണ് വനത്തിൽ ‘ദേശീയപാത’ നിർമിക്കാനിറങ്ങിയത്.









0 comments