കാണാതായ യുവാവ് ട്രെയിൻ തട്ടി മരിച്ചു; അജ്ഞാത ജഡമാക്കി മോർച്ചറിയിൽ തള്ളി പൊലീസ്, ബന്ധുക്കളെ അറിയിച്ചില്ല

പ്രതീകാത്മകചിത്രം
തുറവൂർ : കാണാതായ യുവാവ് മരിച്ച് മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രി മോർച്ചറിയിൽ എട്ട്‌ദിവസം ഉണ്ടായിട്ടും പൊലീസ് അറിഞ്ഞില്ല. കോടംതുരുത്ത് വെള്ളക്കാത്തറ വീട്ടിൽ അർജുൻ കൃഷ്ണയെ (23) കഴിഞ്ഞ 16ന് രാത്രിയോടെയാണ് കാണാതായത്. 21ന് ബന്ധുക്കൾ കുത്തിയതോട് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നി.
17ന് വൈകിട്ട് നാലിന് പട്ടണക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്മാക്ഷികവലയ്ക്ക് സമീപമുള്ള റെയിൽവേ ക്രോസിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ അർജുന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അജ്ഞാത മൃതദേഹം എന്ന പേരിൽ പൊലീസ് അരൂക്കുറ്റി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാഹനത്തിന്റെ താക്കോൽ, കയ്യിൽ പച്ച കുത്തിയ അടയാളം, വസ്ത്രം തുടങ്ങിയ തിരിച്ചറിയൽ അടയാളങ്ങൾ ഉണ്ടായിട്ടും വിവരങ്ങൾ പങ്കുവയ്‌ക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായില്ല.
സാമൂഹ്യമാധ്യമങ്ങളിൽ അർജുനെ കാണാതായ വിവരം സുഹൃത്തുക്കൾ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ആംബുലൻസ് ഡ്രൈവർക്ക് സംശയം തോന്നി വിവരം അറിയിച്ചതോടെയാണ് ബന്ധുക്കളെത്തി അർജുന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. ചേർത്തല തിരുവിഴയിൽ നിന്ന് അർജുൻ കൃഷ്‌ണന്റെ ഇരുചക്രവാഹനവും കണ്ടെത്തി. അർജുന്റെ അച്ഛൻ: രാമകൃഷ്‌ണൻ. അമ്മ: പ്രിയംവദ. സഹോദരൻ: അനന്തു.
പൊലീസിനെതിരെ നടപടിവേണമെന്ന് ഡിവൈഎഫ്‌ഐ
കോടംതുരുത്ത് വെള്ളക്കാത്തറ വീട്ടിൽ അർജുൻ കൃഷ്ണയെ കാണാതായ സംഭവത്തിൽ പൊലീസ് ഒരു അന്വേഷണവും നടത്തിയില്ലെന്ന് വ്യക്‌തമാണ്. 16ന് രാത്രി കാണാതായ അർജുനെ ബന്ധുക്കളും നാട്ടുകാരും 25 വരെ അന്വേഷിച്ചു കൊണ്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്ററിലൂടെയാണ് പട്ടണക്കാട് പൊന്നാംവെളിയിലെ ആംബുലൻസ് ഡ്രൈവർ ആളെ തിരിച്ചറിഞ്ഞ് തന്റെ ആംബുലന്‍സിലാണ് യുവാവിന്റെ മൃതദേഹം കൊണ്ടുപോയതെന്ന് ബന്ധുക്കളെ അറിയിച്ചത്. 17 ന് വൈകിട്ട് നാലിന് പട്ടണക്കാട് പത്മാക്ഷികവലയ്ക്ക് പടിഞ്ഞാറുവശമുള്ള റെയിൽവേ ക്രോസിൽ മരിച്ച നിലയിൽ കണ്ടെത്തിയ അർജുന്റെ വാഹനത്തിന്റെ താക്കോൽ, കയ്യിൽ പച്ച കുത്തിയ അടയാളം, വസ്ത്രം തുടങ്ങിയ തിരിച്ചറിയൽ അടയാളങ്ങൾ ഉണ്ടായിട്ടും വിവരങ്ങൾ പങ്കുവയ്‌ക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായില്ലെന്നത് ക്രൂരതയാണ്. ഒമ്പത് ദിവസമാണ് അജ്ഞാത മൃതദേഹം എന്ന പേരിൽ അരൂക്കുറ്റി ഗവ. ആശുപത്രിയിൽ അർജുന്റെ മൃതദേഹം പൊലീസ് സൂക്ഷിച്ചത്. മനുഷ്യത്വരഹിതമായ അലംഭാവം കാണിച്ച പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ അരൂർ ബ്ലോക്ക് പ്രസിഡന്റ് സി എസ് അഖിലും സെക്രട്ടറി വി കെ സൂരജും ആവശ്യപ്പെട്ടു.









0 comments