കെഎസ്‌ആർടിസി സർവീസിന്റെ ഉദ്‌ഘാടകനായി മന്ത്രി ബിന്ദു കൃഷ്‌ണയുടെ ഭർത്താവ്

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ പുതിയ ബസ് സർവീസ് ഉദ്‌ഘാടനം ചെയ്‌ത് മന്ത്രിയുടെ ഭർത്താവ്. തിരുവനന്തപുരത്തുനിന്ന് ചിറയിൻകീഴ് വഴി കൊല്ലത്തേക്ക് പോകുന്ന കെഎസ്‌ആർടിസി ഫാസ്‌റ്റ് പാസഞ്ചർ ബസിന്റെ ഫ്‌ളാഗ് ഓഫും ചടങ്ങിന്റെ ഉദ്‌ഘാടനവുമാണ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ ഭർത്താവ് എസ് കൃഷ്‌ണകുമാർ നിർവഹിച്ചത്. തിങ്കളാഴ്‌ച ചിറയിൻകീഴിലായിരുന്നു പരിപാടി.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ബസ് സർവീസ് ഇടയ്‌ക്ക് നിർത്തിയിരുന്നു. ഇപ്പോൾ സർവീസ് പുനരാരംഭിച്ചതിന്റെ ഉദ്‌ഘാടനമാണ് എസ് കൃഷ്‌ണകുമാർ നിർവഹിച്ചത്. ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് ഉദ്‌ഘാടനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, എംഎൽഎ ചടങ്ങിനെത്തിയില്ല. പകരമാണ് കൃഷ്‌ണകുമാർ ഉദ്‌ഘാടനം ചെയ്‌തത്. ഡിസിസി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ഉദ്‌ഘാടനം ചെയ്‌തത്.
ചടങ്ങിൽ കെഎസ്‌ആർടിസി ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.
എംഎൽഎയുടെ അഭാവത്തിൽ മറ്റു ജനപ്രതിനിധികളെ ഉദ്‌ഘാടനം ഏൽപ്പിക്കാതെ കൃഷ്‌ണകുമാർ ഏറ്റെടുക്കുകയായിരുന്നു. നിർത്തലാക്കിയ കെഎസ്‌ആർടിസി സർവീസുകൾ മുഴുവൻ പുനരാരംഭിക്കുമെന്ന ഉറപ്പും ഉദ്‌ഘാടന പ്രസംഗത്തിൽ കൃഷ്‌ണകുമാർ നൽകി. മന്ത്രി ബിന്ദു കൃഷ്‌ണയെ മുൻനിർത്തി ഭർത്താവ് കൃഷ്‌ണകുമാറാണ് ഭരണം നിയന്ത്രിക്കുന്നതെന്ന ആക്ഷേപം കോൺഗ്രസ് പ്രവർത്തകരടക്കം ഉന്നയിക്കുന്നുണ്ട്.








0 comments