മന്ത്രി കെ എം ഷാജിയുടെ വാദം നിയമവിരുദ്ധം; ഇല്ലാത്ത നിയമം പറഞ്ഞ് തടയൂരാൻ ശ്രമം

തിരുവനന്തപുരം: സ്വകാര്യവാഹനങ്ങളിൽ സർക്കാർ ബോർഡ് വെച്ച് മന്ത്രിമാർക്ക് യഥേഷ്‌ടം സഞ്ചരിക്കാമെന്ന മന്ത്രി കെ എം ഷാജിയുടെ വാദം നിയമവിരുദ്ധം. കേരള മോട്ടോർ വാഹന നിയമപ്രകാരം സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ സർക്കാർ ബോർഡ് വെക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്.
1989- ലെ കേരള മോട്ടോർ വാഹന നിയമം ചട്ടം 92 എ പ്രകാരം, മോട്ടോർ വാഹനങ്ങളിൽ നെയിം ബോർഡുകൾ പ്രദർശിപ്പിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. ഈ നിയമപ്രകാരം സർക്കാർ ഉടമസ്ഥതയിലല്ലാത്ത ഒരു സ്വകാര്യ വാഹനത്തിലോ വാടകയ്‌ക്കെടുത്ത വാഹനത്തിലോ തങ്ങളുടെ സ്ഥാപനത്തിന്റെ പേരോ, ഉദ്യോഗസ്ഥന്റെ സ്ഥാനപ്പേരോ രേഖപ്പെടുത്തി ബോർഡുകൾ വെക്കാൻ പാടില്ല. വ്യക്തികൾക്കോ, സ്വകാര്യ സ്ഥാപനങ്ങൾക്കോ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കേരള സർക്കാർ, സർക്കാർ അല്ലെങ്കിൽ മറ്റു സർക്കാർ പദവികൾ കാണിക്കുന്ന ബോർഡുകൾ ഉപയോഗിക്കാൻ അനുവാദമില്ല.
നിയമപ്രകാരം പ്രത്യേകമായി അനുമതിയുള്ള ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ഔദ്യോഗിക വാഹനങ്ങൾക്കും മാത്രമേ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് നെയിംബോർഡ് സ്ഥാപിക്കാൻ അനുവാദമുള്ളൂ. അനധികൃതമായി ബോർഡ് സ്ഥാപിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കനത്ത പിഴയും നിയമനടപടികളും സ്വീകരിച്ചുവരുന്നുണ്ട്.









0 comments