പാലിനും തൈരിനും വില കൂടി; മിൽമ പാൽവില വർധന പ്രാബല്യത്തിൽ

തിരുവനന്തപുരം: മിൽമ പാലിന്റെ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. പുതിയ മാറ്റത്തോടെ മിൽമ പാലിന്റെ വില ലിറ്ററിന് 56 രൂപയായി ഉയർന്നു. മിൽമ സ്മാർട്ട് പാലിന്റെ വില 54 രൂപയായി ഉയർന്നു. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും.
പുതുക്കിയ വർധനപ്രകാരമുള്ള തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കർഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയിൽ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം കർഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. അവശേഷിക്കുന്ന 0.5 ശതമാനം തുക പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയകൾക്കായി വിനിയോഗിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം ആഗസ്തിലാണ് പാൽ വില അവസാനമായി വർധിപ്പിച്ചത്.
മിൽമ സ്മാർട് (മഞ്ഞ കവര്‍ പാല്‍): 27 രൂപ, മിൽമ പ്രൈം (നീല കവര്‍ പാല്‍): 30 രൂപ, മിൽമ പ്രൈഡ് (ഓറഞ്ച് കവര്‍ പാല്‍): 30 രൂപ, മിൽമ റിച്ച് (പച്ച കവര്‍ പാല്‍): 32 രൂപ, കൗ മില്‍ക് – ഒരു ലിറ്റര്‍ ബോട്ടില്‍: 75 രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ് : 45 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.










0 comments