കിളിമാനൂരിൽ ഹരിതകർമ സേനാംഗത്തിന് സൂര്യാതപമേറ്റു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കിളിമാനൂരിൽ ഹരിതകർമ സേനാംഗത്തിന് സൂര്യാതപമേറ്റു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനാംഗം ലതികയ്ക്കാണ് പൊള്ളലേറ്റത്. കടകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സൂര്യാതപമേറ്റത്.
കൈയിലും കാലിലും കഴുത്തിലും പൊള്ളലേറ്റതായാണ് ലഭിക്കുന്ന വിവരം. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി. താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശമ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഇടുക്കിയിലും രണ്ട് പേർക്ക് സൂര്യാതപമേറ്റിട്ടുണ്ട്. മുട്ടം കളപ്പുരക്കൽ നാരായണൻ, പെരുമറ്റം സ്വദേശിനി ആശ എന്നിവർക്കാണ് സൂര്യാതപമേറ്റത്. ഇരുവരും ചികിത്സ തേടി.










0 comments