print edition എന്റെ പക്ഷം മനുഷ്യപക്ഷമാണ്: നടി മീനാക്ഷി അനൂപ്

തിരുവനന്തപുരം
‘‘എന്റെ പക്ഷം മനുഷ്യപക്ഷമാണ്. മനുഷ്യപക്ഷത്ത് നിന്നുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്.
നമ്മുടെ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന രാഷ്‌ട്രീയ പാർടിയും നമുക്കുണ്ടാകും’’– നടി മീനാക്ഷി അനൂപ് പറഞ്ഞു. നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച " മീനാക്ഷിയോടൊപ്പം' സംവാദപരിപാടിയിൽ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
നടിയായോ അവതാരകയായോ അറിയപ്പെടുന്നതിലുമേറെ തന്റെ നിലപാടുകളെ ഇഷ്‌ടപ്പെടുന്നുവെന്ന് കേൾക്കുന്നതും നിയമസഭ പോലെയൊരു സ്ഥലത്തേക്ക് ക്ഷണിക്കുന്നതിനുമപ്പുറം ഒരു 20 വയസ്സുകാരി ഒന്നും ആഗ്രഹിക്കുന്നില്ലെന്നും മീനാക്ഷി പറഞ്ഞു.
തനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ സമൂഹത്തിൽ കണ്ടാലും അവരോടൊക്കെ ചോദ്യം ചോദിക്കാൻ താൻ ബാധ്യസ്ഥയാണ്. സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പങ്കുവയ്ക്കുമ്പോൾ വരുന്ന കമന്റുകളെ യോജിക്കുന്നവരുടെയും വിയോജിക്കുന്നവരുടെയും അഭിപ്രായങ്ങളായി മാത്രമേ കാണുന്നുള്ളൂ. ആ പോസ്റ്റിനപ്പുറം തന്റെ മനസ്സിൽ ഒന്നും ഉണ്ടാകില്ല. സമൂഹമാധ്യമങ്ങളിൽ പലതരം പ്രേക്ഷകരായിരിക്കും ഉണ്ടാവുക. ഫെയ്‌സ്‌ബുക്കിലുള്ളവർ എഴുത്തും വായനയും ഇഷ്‌ടപ്പെടുന്ന ചർച്ചകൾ താൽപ്പര്യമുള്ള വിഭാഗമാണ്. അതുകൊണ്ടുതന്നെ ചർച്ച ചെയ്യപ്പെടാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ ഫെയ്‌സ്‌ബുക്കിലായിരിക്കും പങ്കുവയ്‌ക്കുക. മാതാപിതാക്കൾക്കും കൃത്യമായ നിലപാട് ഉള്ളതുകൊണ്ടാണ് തനിക്കിങ്ങനെ സംസാരിക്കാൻ കഴിയുന്നതെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.
മാതാപിതാക്കൾ കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ചായിരിക്കും കുട്ടികളുടെ പെരുമാറ്റവും. മാതാപിതാക്കളിൽനിന്ന് ഇങ്ങനെ ആകണമെന്നും ആകരുതെന്നും മനസ്സിലാക്കുന്ന കുട്ടികളാണ് ഇപ്പോഴുള്ളതെന്നും തന്റെ ജീവിത സാഹചര്യമാണ് ഇങ്ങനെ വളർത്തിയതെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.










0 comments