print edition മെഡിക്കൽ, എൻജിനിയറിങ് കോഴ്‌സ്: ക്ലാസ് തുടങ്ങി; ഫീസ് അറിയില്ല

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ, എൻജിനിയറിങ് ക്ലാസുകൾ തുടങ്ങിയിട്ടും ഫീസ് നിശ്ചയിക്കാനാകാതെ സർക്കാർ. ഉന്നത വിദ്യാഭ്യാസമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടൽ നീണ്ടതോടെ വലയുകയാണ് വിദ്യാർഥികൾ. മുൻവർഷത്തെ ഫീസ് താൽക്കാലികമായി അടച്ചാണ് പ്രവേശനം നേടിയത്.
പുതിയ ഫീസ് മുൻവർഷത്തേക്കാൾ കൂടുതലാണെങ്കിൽ അധികതുക അടയ്‌ക്കണം. പ്രൊഫഷണൽ കോളേജുകളിലെ പ്രവേശന മേൽനോട്ടസമിതിയും ഫീസ് നിയന്ത്രണ സമിതിയും പുനഃസംഘടിപ്പിച്ചതിലാണ് ഉന്നതവിദ്യാഭ്യാസമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിലടിച്ചത്.
അന്തിമ തീരുമാനമെടുക്കാൻ ഫയൽ മുഖ്യമന്ത്രി വി ഡി സതീശന് അയച്ചു. ഹൈക്കോടതി മുൻ ജഡ്‌ജി കെ പി ബാലചന്ദ്രനെ ചെയർമാനാക്കിയാണ് ആഗസ്‌ത് 19ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ബാലചന്ദ്രന്റെ നിയമനം റദ്ദാക്കിയില്ലെങ്കിൽ സ്വന്തം നിലയ്‌ക്ക് സമിതിയെ നിയമിക്കുമെന്ന പരസ്യപ്രതികരണവുമായി മുരളീധരൻ രംഗത്തെത്തി.
ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിറങ്ങി ഒരുമാസം കഴിഞ്ഞിട്ടും തുടർനടപടിക്ക് ആരോഗ്യവകുപ്പ് തയ്യാറായില്ല. ഇതേ അധ്യക്ഷനെ നിലനിർത്തി മെഡിക്കൽ കോഴ്‌സുകളിലെ ഫീസ് നിർണയം, പ്രവേശന മേൽനോട്ടം എന്നിവയ്‌ക്ക് സമിതികൾ പുനഃസംഘടിപ്പിച്ച് ആരോഗ്യവകുപ്പും ഉത്തരവിറക്കണം.
വിട്ടുവീഴ്‌ചയ്‌ക്ക് ഇരു മന്ത്രിമാരും തയാറാകാത്തതോടെയാണ് മുഖ്യമന്ത്രിക്കുവിട്ടത്. ജഡ്‌ജി കെ പി ബാലചന്ദ്രനെ ചെയർമാനാക്കിയ സമിതി തുടരുമോ വേറെ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള പുതിയ സമിതി രൂപീകരിക്കുമോ എന്നാണ് അറിയാനുള്ളത്.









0 comments