Deshabhimani

print edition മേയർ കെയർ സംശയനിഴലിൽ; സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള പിരിവ്‌ ചട്ടവിരുദ്ധം

A
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കോർപറേഷന്‍ മേയറും സംഘവും സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന്‌ പാരിതോഷികം പറ്റുന്നത്‌ മുനിസിപ്പാലിറ്റി ചട്ടങ്ങൾക്ക്‌ വിരുദ്ധമായി. ഫണ്ട് സമാഹരണത്തിന് മറയായി "മേയര്‍ കെയര്‍' നടത്തുമ്പോഴും ഇതിന്റെ വിവരങ്ങള്‍ കൗണ്‍സിലിനെ ബോധിപ്പിക്കാന്‍ ബിജെപി ഭരണസമിതി തയ്യാറാകുന്നില്ല. ഇതുവരെ എത്ര സ്ഥാപനങ്ങളിൽനിന്ന്‌ എന്തൊക്കെ പാരിതോഷികങ്ങൾ സ്വീകരിച്ചു, പണമായി ലഭിച്ചത്‌ എത്ര, സമ്മാനങ്ങളായി എന്തൊക്കെ ലഭിച്ചു എന്നതിന്റെ കണക്ക്‌ അജ്ഞാതമാണ്.


നിലവില്‍ വൻകിട കന്പനികളുടെ സിഎസ്‌ആർ ഫണ്ട്‌ സ്വീകരിച്ചുള്ള വമ്പന്‍ പ്രഖ്യാപനങ്ങളാണ് മേയർ കെയറില്‍ നടപ്പാക്കുന്നത്‌. ഇ‍ൗ പദ്ധതിയിലൂടെ ലക്ഷങ്ങളുടെ വാഗ്‌ദാനങ്ങളാണ്‌ സ്‌കൂളുകൾക്കുൾപ്പെടെ നൽകുന്നത്‌. കോർപറേഷൻ ഫണ്ട്‌, കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്നുള്ള ഫണ്ടുകൾ എന്നിവ മേയർക്ക്‌ സ്വന്തം നിലയിൽ ചെലവാക്കാനാകില്ല. ക്രെഡിറ്റ് മൊത്തമായി ബിജെപി മേയറുടെ അക്കൗണ്ടിലെത്തിക്കാനാണ് മേയര്‍ കെയറിന്റെ ലക്ഷ്യവും. എന്നാല്‍, തദ്ദേശസ്ഥാപനങ്ങളുടെ എല്ലാവിധ വരവുചെലവുകളുടെയും കണക്ക് ബോധിപ്പിക്കണം. അപ്പോൾ മേയർ കെയറിലേക്ക്‌ ഫണ്ട്‌ വരുന്നവഴി വെളിപ്പെടുത്തേണ്ടിവരും. ഇങ്ങനെ സ്വകാര്യഫണ്ട്‌ സ്വീകരിക്കുന്ന പദ്ധതി നിയമപരമായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യത്തിനും മേയറും സംഘവും മറുപടി പറയേണ്ടതുണ്ട്‌. പാരിതോഷികം കൈപ്പറ്റിയെങ്കിൽ രസീത്‌ സൂക്ഷിച്ച്‌ ഓഡിറ്റിന്‌ വിധേയമാക്കണം. രസീത്‌ നൽകാതെ സ്വീകരിക്കുന്നവ കൈക്കൂലിയിൽപ്പെടും.


നിലവില്‍ സിഎസ്‌ആർ ഫണ്ട്‌ വാങ്ങലും വിനിയോഗവും സംബന്ധിച്ച കണക്കൊന്നും ക‍ൗൺസിലിനെ അറിയിക്കാറില്ല. ഓണാഘോഷത്തിന്റെ പേരിൽ മാളുകൾ, വാണിജ്യ,- വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്ന്‌ വൻതോതിൽ സമ്മാനങ്ങളും സംഭാവനകളും സ്വീകരിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന്‌ ഇതുവരെ മേയർ മറുപടി നൽകിയിട്ടില്ല. മേയർ വി വി രാജേഷ്‌ അടുത്തിടെ നടത്തിയ അമേരിക്കൻ യാത്രയും പണപ്പിരിവിനുവേണ്ടിയുള്ളതായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്‌. കേരളത്തിൽ ബിസിനസ്‌ നടത്തുന്ന ചില വൻകിട മുതലാളിമാരുമായി അമേരിക്കയിൽ കൂടിക്കാഴ്‌ച നടത്തിയെന്നും അവരിൽനിന്ന്‌ പാരിതോഷികം കൈപ്പറ്റിയെന്നും ആക്ഷേപമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home