print edition കണക്കുചോദിച്ച് പ്രതിപക്ഷം: മേയർ കെയർ പണപ്പിരിവ് വിജിലൻസ് അന്വേഷണത്തിലേക്ക്

തിരുവനന്തപുരം: ‘മേയര്‍ കെയര്‍' എന്നപേരിൽ മേയറും സംഘവും നടത്തുന്ന പണപ്പിരിവ് നിയമക്കുരുക്കിലേക്ക്. പദ്ധതിക്ക് ആരിൽനിന്നൊക്കെയാണ് പണം പിരിച്ചത്, എത്ര, ഇതിന്റെ രേഖകളുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ മേയറും സംഘവും അവഗണിച്ചു. കോർപറേഷൻ കൗൺസിലിൽനിന്നുപോലും ഇതിന്റെ വിവരങ്ങൾ മറച്ചുവച്ചിരിക്കുകയാണ്. ചൊവ്വാഴ്‌ച ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം പദ്ധതിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ മേയറും സംഘവും തയ്യാറായില്ല.
സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിൽനിന്ന് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്ത് ജീവനക്കാർക്ക് ഓണക്കിറ്റ് നൽകിയതിലെ അഴിമതി സംബന്ധിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. 10,000 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ആവശ്യപ്പെട്ട് നൂറുകണക്കിനാളുകൾക്കും സ്ഥാപനങ്ങൾക്കും കത്തുനൽകിയിരുന്നു. ലക്ഷങ്ങൾ സ്വരൂപിച്ചെങ്കിലും വളരെക്കുറച്ച് കുട്ടികൾക്കുമാത്രമാണ് സഹായം നൽകിയതെന്നും ആക്ഷേപമുണ്ട്. ആഗസ്‌ത് 22ന് മേയർ കെയർ എന്ന പേരിൽ നാലായിരത്തോളം പേർക്ക് ഓണക്കിറ്റ് എന്നപേരിൽ വസ്ത്രങ്ങളും സമ്മാനങ്ങളും നൽകി. ജീവനക്കാരുൾപ്പെടെ സമ്മാനങ്ങൾ കൈപ്പറ്റി.
നഗരത്തിലെ വൻകിട വസ്ത്രശാലകൾ, ഹൈപ്പർ മാർക്കറ്റുകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ലക്ഷക്കണക്കിന് രൂപയും കിറ്റുകളും വാങ്ങിയാണ് ഓണസമ്മാനം നൽകിയത്. മേയർ കെയർ എന്ന പേരിൽ പിരിച്ച തുകയുടെ വിവരങ്ങൾ മറ്റാർക്കും അറിയില്ല.
പല സ്വകാര്യ വ്യക്തികളെയും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. വിശദവിവരങ്ങൾ പുറത്തുവിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മേയർ തള്ളി. തുടർന്ന് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. എൽഡിഎഫ് അംഗങ്ങൾ വാക്കൗട്ട് ന ടത്തി.
അഴിമതി അന്വേഷിക്കണം: എൽഡിഎഫ്
തിരുവനന്തപുരം: മേയര്‍ കെയര്‍ പദ്ധതിയുടെ പേരില്‍ സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിൽനിന്ന് ലക്ഷങ്ങൾ പിരിച്ചെടുത്തതിലെ അഴിമതി സംബന്ധിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി നേതാവ് എസ് പി ദീപക് പറഞ്ഞു.
ദൈനംദിനം പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പെട്രോളിലെ മായം സംബന്ധിച്ച് വേവലാതിപ്പെടാത്ത മേയറാണ് തിയറ്ററിലെ പോപ്‌കോൺ വിഷയത്തിൽ ആശങ്കപ്പെടുന്നത്. അദാനി എയർപോർട്ടിലെ യൂസർഫീ കൊള്ളയ്‌ക്കെതിരെയും മേയറും സംഘവും മിണ്ടുന്നില്ല. ഒത്തുതീർപ്പുകളിലൂടെ വൻതോതിലുള്ള അഴിമതിയാണ് നടക്കുന്നതെന്നും ദീപക് പറഞ്ഞു.
കോർപറേഷനിൽ നടക്കുന്നത് റീൽസ് ഭരണം
തിരുവനന്തപുരം: കോർപറേഷനിൽ മേയറുടെയും സംഘത്തിന്റെയും ‘റീൽസ് ഭരണം’ മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം. മേയർക്കും സംഘത്തിനും സോഷ്യൽമീഡിയ വഴി റീൽസ് ഇട്ട് ലൈക്ക് നേടുന്നതിനുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് നടപ്പാക്കുന്നതെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക്, അംഗങ്ങളായ വഞ്ചിയൂർ ബാബു, കെ ശ്രീകുമാർ തുടങ്ങിയവർ പറഞ്ഞു.
അനധികൃത തട്ടുകടക്കാരെ ഒഴിപ്പിക്കും എന്നുപറഞ്ഞ് റീൽസ് ഇട്ടവർ പാവങ്ങളെയാണ് ദ്രോഹിച്ചത്. വൻകിടക്കാർ ഇപ്പോഴും റോഡിലുണ്ടെന്ന് എൽഡിഎ-ഫ് അംഗങ്ങൾ പറഞ്ഞു. ബങ്ക് കടകൾ നടത്തി ഉപജീവനം നടത്തുന്നവരെയും ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവരെയുമാണ് മേയറും സംഘവും ദ്രോഹിക്കുന്നതെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.
എത്ര നായകളെ പിടിച്ചു; മറുപടിയില്ലാതെ മേയർ
തിരുവനന്തപുരം: കോർപറേഷനിലെ തെരുവുനായ ശല്യത്തിനെതിരെ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. എന്നാൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമില്ലാതെ മേയറും ഭരണസമിതിയും. തെരുവുനായകളെ മാറ്റിപ്പാർപ്പിക്കാൻ എത്ര ഷെൽട്ടറുകൾ സ്ഥാപിച്ചു, എത്ര നായകളെ ഇതുവരെ പിടികൂടി വന്ധ്യംകരിച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് മേയർ വി വി രാജേഷ് കൃത്യമായി മറുപടി നൽകിയില്ല.
രണ്ട് ഷെൽട്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഒരെണ്ണം എല്ലാവർക്കും അറിയാമെന്നും രണ്ടാമത്തേതിനെക്കുറിച്ച് വെളിപ്പെടുത്തില്ലെന്നുമുള്ള വിചിത്ര മറുപടിയാണ് മേയർ നൽകിയത്. എത്രനായകളെ പിടികൂടി, എത്രയെണ്ണത്തിനെ വന്ധ്യംകരിച്ചു എന്നതിന്റെ കണക്ക് കൈവശമില്ലെന്നും അടുത്ത കൗൺസിലിൽ അറിയിക്കാമെന്നുമായിരുന്നു മറുപടി.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം ആർ ഗോപനും നായശല്യം പരിഹരിക്കുന്നതിലെ വീഴ്‌ച തുറന്നുസമ്മതിച്ചു. ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിൽ വീഴ്‌ചയുണ്ടായി എന്ന് അദ്ദേഹം കൗൺസിലിനെ അറിയിച്ചു.









0 comments