ad
Deshabhimani

ചൂട് കൂടുന്നു, ഒപ്പം അൾട്രാവയലറ്റ് വികിരണവും; ജാഗ്രത നിർദേശങ്ങൾ

temperature rise kollam photographer

ഫോട്ടോ: എം എസ് ശ്രീധർലാൽ

വെബ് ഡെസ്ക്

Published on Apr 16, 2026, 09:35 AM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂടും അൾട്രാവയലറ്റ് വികിരണത്തോതും കൂടുന്നു. പാലക്കാട് ജില്ലയിൽ ഞായർ വരെ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.


ചൂടിനൊപ്പം അൾട്രാവയലറ്റ് വികിരണത്തോതും വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. ആറ് ജില്ലകളിൽ ​ഗൗരവ മുൻകരുതലുകൾ സ്വീകരിക്കേണ്ട ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം (കൊട്ടാരക്കര), പത്തനംതിട്ട (കോന്നി), ആലപ്പുഴ (ചെങ്ങന്നൂർ), കോട്ടയം (ചങ്ങനാശേരി), ഇടുക്കി (മൂന്നാർ), പാലക്കാട് (തൃത്താല) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. അൾട്രായലറ്റ് സൂചികയിൽ ആറു മുതൽ എട്ടുവരെ രേഖപ്പെടുത്തുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. അതീവ ജാ​ഗ്രത പുലർത്തണമെന്നും ​ഗൗരവമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം (കളമശ്ശേരി), തൃശൂർ (ഒല്ലൂർ), മലപ്പുറം (പൊന്നാനി), കോഴിക്കോട് (ബേപ്പൂർ), വയനാട് (മാനന്തവാടി) എന്നിവിടങ്ങളിലാണ് മഞ്ഞ അലർട്ട്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​​ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.


നിർദേശങ്ങൾ


പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.


പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.


പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.


മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home