print edition ബിജെപി ഭീകരതയ്‌ക്ക് കുരുന്നുകളുടെ മധുരപ്രതികാരം

പി പ്രമോദ്
Published on Jan 19, 2026, 02:34 AM | 1 min read
മാവേലിക്കര
മാവേലിക്കര ഗവ. ഗേൾസ് ഹൈസ്‌കൂളിലെ കുട്ടികൾ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നേടിയ എ ഗ്രേഡ് ബിജെപി ഭീകരതയ്‌ക്കെതിരായ മധുരപ്രതികാരം. പണിയനൃത്തത്തിലാണ് എ ഗ്രേഡ് . കലാപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ സ്‌കൂളിലെ കുട്ടികൾ കേരളപ്പിറവിദിനത്തിൽ സ്‌കൂളിൽ ഫുഡ്‌സ്‌റ്റാൾ ഒരുക്കിയിരുന്നു.
ബിരിയാണിയും ചെറുകടികളും ചായയും വിൽപ്പന നടത്തി കലോത്സവങ്ങളിൽ പങ്കെടുക്കാൻ പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സ്‌റ്റാളിനെതിരെ പരാതിയുണ്ടെന്ന് പറഞ്ഞ് ബിജെപി അക്രമിസംഘം സ്‌കൂളിൽ അതിക്രമിച്ചുകയറി. വിൽപ്പനയ്‌ക്ക് തയ്യാറാക്കിയ ഭക്ഷണം വലിച്ചെറിഞ്ഞു. ശേഷിച്ചതിൽ മണ്ണ് വാരിയിട്ടു. ചായ പാത്രത്തോടെ കമിഴ്‌ത്തി. സ്‌റ്റാളിന്റെ ബാനർ വലിച്ചുകീറി ബിജെപിക്കൊടി കുത്തി. കുട്ടികൾ തയ്യാറാക്കിയ പഴംപൊരിയും കഴിച്ചുകൊണ്ടായിരുന്നു ഇവരുടെ നെറികേട്.
അക്രമത്തിൽ തളരാതെ കുട്ടികൾ ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിൽ ഒന്നാംസ്ഥാനം നേടി. ജില്ലാ കലോത്സവത്തിൽ അവതരണം കഴിഞ്ഞ് ഇറങ്ങിയപ്പോൾ സംഘത്തിലെ ആതിര കൃഷ്‌ണ രക്തം ഛർദിച്ച് ആശുപത്രിയിലായത് വീണ്ടും പ്രതിസന്ധിയായി. ആര്യ എന്ന കുട്ടിയെ പകരം കണ്ടെത്തി പരിശീലിപ്പിച്ചാണ് സംസ്ഥാന കലോത്സവത്തിന് എത്തിയത്. റിൻസി, അഭിരാമി, അനുശ്രീ, ഗായത്രി, ഭാഗ്യ, നിരഞ്‌ജന, അനശ്വര, ആര്യ എസ് വിജയൻ, അശ്വതി, ഗോഡ്വിയ, ആർ ആര്യ, അനുഗ്രഹ എന്നിവരായിരുന്നു നൃത്തസംഘം. എല്ലാവരും ഹയർസെക്കൻഡറി വിദ്യാർഥികളാണ്. ഫോക്‌ലോര്‍ പുരസ്‌കാരജേതാവ് പാലക്കാട് സ്വദേശി സൗന്ദർ കൃഷ്‌ണയാണ് പരിശീലകൻ.










0 comments