രാമനാട്ടുകരയിൽ പെയിന്റ് കടയിൽ വൻതീപിടിത്തം; 2 കോടിയുടെ നാശനഷ്ടം


സ്വന്തം ലേഖകൻ
Published on May 10, 2026, 07:23 PM | 1 min read
ഫറോക്ക് : രാമനാട്ടുകര നഗരമധ്യത്തിലെ പെയിന്റ് വിൽപ്പന കേന്ദ്രത്തിൽ വൻതീപിടിത്തം. രണ്ടുകോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമികവിവരം. രാമനാട്ടുകരയിലെ എയർപോർട്ട് റോഡരികിൽ പ്രവർത്തിക്കുന്ന ഏഷ്യൻ പെയിന്റ്‌സ് അംഗീകൃത വിൽപ്പനക്കാരായ " ഇന്ത്യൻ അസോസിയേറ്റ്സ്’ സ്ഥാപനത്തിൽ ഞായർ പകൽ ഒന്നോടെയായിരുന്നു തീപിടിത്തം. മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളിൽ നിന്നായി നാല് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൊലീസും വ്യാപാരികളും തൊഴിലാളികളും നാട്ടുകാരും രണ്ടുമണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂർണമായും അണച്ചത്. കട അടച്ചതിനു ശേഷമാണ് തീപിടിത്തമുണ്ടായത്. രാവിലെ തുറന്ന കട പകൽ 12 നായിരുന്നു അടച്ചത്.
മൂന്നുനിലകളുള്ള വ്യാപാര സ്ഥാപത്തിന്റെ ഒന്നാം നിലയിലെ സംഭരണ കേന്ദ്രത്തിൽ നിന്നാണ് ആദ്യം തീ പടർന്നത്. പിന്നീട് മുകളിലേക്കും താഴേക്കും വ്യാപിച്ചതോടെ മൂന്നുനിലകളിലെയും സ്‌റ്റോക്കുകൾ പൂർണമായി കത്തിനശിച്ചു. ഫർണിച്ചറുകളും അനുബന്ധ സാധനങ്ങളുമുൾപ്പെടെ അഗ്നിക്കിരയായി. മണ്ണൂർ മാമ്പയിൽ നസീറിന്റേതാണ് കട. കടയിൽ സൂക്ഷിച്ച 10.35 ലക്ഷം രൂപയും തീപിടിത്തത്തിൽ നശിച്ചു. പുതിയ സ്റ്റോക്ക് എത്തിയിരുന്നതായും ഇതെല്ലാം നശിച്ചതായും കടയുടമ പറഞ്ഞു. ഞായർ അവധി ദിവസമായിരുന്നതിനാൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല.










0 comments